ഡെന്മാര്ക്ക്: ഗ്രീന്‍ലന്‍ഡിലേക്ക് അമേരിക്ക 'പ്രത്യേക ദൂതനെ' നിയമിച്ചതിനെ തുടര്‍ന്ന് ഡെന്മാര്ക്കും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വീണ്ടും സംഘര്‍ഷം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗ്രീന്‍ലന്‍ഡിനായി പ്രത്യേക ദൂതനെ നിയമിച്ചതിനെതിരെ ഡെന്മാര്ക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുഎസ് അംബാസഡറെ വിളിപ്പിച്ച് വിശദീകരണം തേടുമെന്ന് ഡെന്മാര്ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്ക റാസ്മുസന്‍ അറിയിച്ചു.
ട്രംപിന്റെ നടപടിയും അദ്ദേഹത്തിന്റെ പ്രസ്താവനകളും 'പൂര്‍ണമായും അംഗീകരിക്കാനാവാത്തത് ' ആണെന്ന് റാസ്മുസന്‍ ഡെന്മാര്ക്ക് മാധ്യമമായ TV2യോട് പറഞ്ഞു. വിഷയത്തില്‍ അദ്ദേഹം 'തീവ്രമായ അസ്വസ്ഥതയും കോപവും' രേഖപ്പെടുത്തി.
തിങ്കളാഴ്ച (ഡിസംബര്‍ 22) ലൂയിസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ ഗ്രീന്ലന്ഡിനുള്ള യുഎസ് പ്രത്യേക ദൂതനായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗ്രീന്‍ലന്‍ഡിന് അമേരിക്കയുടെ ദേശീയ സുരക്ഷയില്‍ 'അത്യന്താപേക്ഷിതമായ പങ്കുണ്ടെന്ന് ' ലാന്‍ഡ്രിക്ക് വ്യക്തമായ ധാരണയുണ്ടെന്നും, യുഎസിന്റെ തന്ത്രപരമായ താല്പര്യങ്ങള് ശക്തിപ്പെടുത്താനാണ് ഈ നിയമനമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗ്രീന്‍ലന്‍ഡിനെ യുഎസിന്റെ ഭാഗമാക്കാനുള്ള ഈ 'സന്നദ്ധ സേവന ചുമതല' ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രതികരിച്ച ലാന്‍ഡ്രി, എക്സില്‍ വ്യക്തമാക്കി.
ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഗ്രീന്‍ലന്‍ഡിന്റെ തന്ത്രപ്രധാനവും ഖനിസമ്പത്തുള്ളതുമായ സ്ഥാനം ചൂണ്ടിക്കാട്ടി, ദ്വീപ് യുഎസിന്റെ നിയന്ത്രണത്തിലാകേണ്ടതുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുകയാണ്. ഈ ലക്ഷ്യം നേടാന്‍ സൈനിക നടപടി പോലും ഒഴിവാക്കുന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
അതേസമയം, ഗ്രീന്‍ലന്‍ഡിലെ ജനങ്ങളുടെ ഭൂരിപക്ഷം ഡെന്മാര്ക്കില് നിന്നുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കിലും, യുഎസില്‍ ലയിക്കണമെന്ന ആശയം ശക്തമായി തള്ളിക്കളയുന്നുവെന്നാണ് പുതിയ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഗ്രീന്‍ലന്‍ഡിന്റെയും ഡെന്മാര്ക്കിന്റെയും നേതാക്കള്‍ ദ്വീപ് 'വില്‍പ്പനയ്ക്കുള്ളതല്ല ' എന്നും, ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ക്ക്ടിക് മേഖലയില്‍ മഞ്ഞുരുകല്‍ വര്‍ധിക്കുന്നതോടെ പുതിയ കടല്‍പാതകള്‍ തുറക്കപ്പെടുകയും, യുഎസ്-ചൈന-റഷ്യ ശക്തികള്‍ തമ്മിലുള്ള മത്സരം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രീന്‍ലന്‍ഡിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. റഷ്യയുടെയും അമേരിക്കയുടെയും ഇടയിലെ ഏറ്റവും ചുരുങ്ങിയ മിസൈല്‍ പാതകളിലൊന്നും ഈ ദ്വീപിലൂടെ കടന്നുപോകുന്നുണ്ട്.
ഓഗസ്റ്റില്‍ ഗ്രീന്‍ലന്‍ഡില്‍ യുഎസ് രാഷ്ട്രീയ ഇടപെടല്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡെന്മാര്ക്ക് യുഎസ് ചാര്‍ജ് ദി അഫയേഴ്സിനെ വിളിപ്പിച്ചിരുന്നു. ട്രംപ് അനുകൂലികളായ ചില ഉദ്യോഗസ്ഥര്‍ നൂക്കില്‍ എത്തിയതായി നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. 2020 ജൂണിലാണ് ഗ്രീന്‍ലന്‍ഡില്‍ യുഎസ് വീണ്ടും കോണ്‍സുലേറ്റ് തുറന്നത്.
