'വലിയ ആശുപത്രി കപ്പല്‍' അയക്കാമെന്ന ട്രംപിന്റെ ഓഫര്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും തള്ളി

'വലിയ ആശുപത്രി കപ്പല്‍' അയക്കാമെന്ന ട്രംപിന്റെ ഓഫര്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും തള്ളി


കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്റിനും വലിയ നേവല്‍ ആശുപത്രി കപ്പല്‍ അയക്കാമെന്ന ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്റ് ഭരണാധികാരികളും തള്ളി. ഗ്രീന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നെല്‍സണ്‍ തങ്ങള്‍ക്കത് വേണ്ട, നന്ദി എന്നാണ് സമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. ഗ്രീന്‍ലാന്‍ഡില്‍ പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പൊതുആരോഗ്യ സംവിധാനം നിലവിലുണ്ടെന്നും അത് സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് ട്രംപ് ഗ്രീന്‍ലാന്‍ഡിലേക്ക് ഒരു അമേരിക്കന്‍ ആശുപത്രി കപ്പല്‍ അയക്കാമെന്ന ആശയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇവിടെ സൗജന്യ ചികിത്സ ഉറപ്പുനല്‍കുന്ന പൊതുആരോഗ്യ സംവിധാനമാണെന്നും അത് തങ്ങളുടെ നിര്‍ദ്ദിഷ്ട തെരഞ്ഞെടുപ്പും സമൂഹത്തിന്റെ അടിസ്ഥാന ഘടകവുമാണെന്നും നെല്‍സണ്‍ പറഞ്ഞു.

ഗ്രീന്‍ലാന്‍ഡില്‍ 'ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി രോഗികള്‍ക്ക് സഹായം നല്‍കാന്‍' ഒരു 'വലിയ ആശുപത്രി കപ്പല്‍' അയക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ യു എസ് നേവിയുടെ മെഡിക്കല്‍ കപ്പലായ യു എസ് എന്‍ എസ് മേഴ്‌സിയുടെ എ ഐ സൃഷ്ടിച്ച ചിത്രം പങ്കുവച്ച് 'ഇത് വഴിയിലാണ്' എന്നും അദ്ദേഹം കുറിച്ചു.

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണ്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടി നല്‍കി 'ആരോഗ്യപരിചരണം എല്ലാവര്‍ക്കും സൗജന്യവും തുല്യവുമാണ് എന്ന രാജ്യത്തില്‍ ജീവിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്‍ഷുറന്‍സോ സമ്പത്തോ ചികിത്സ നിര്‍ണയിക്കാത്ത സംവിധാനം' എന്നും പറഞ്ഞു.

ഡെന്‍മാര്‍ക്കിന്റെ പൊതുആരോഗ്യ സംവിധാനം ലോകത്തിലെ മികച്ച സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗ്രീന്‍ലാന്‍ഡില്‍ 57,000 പേരാണ് ജനസംഖ്യ. വിശാലമായ ആര്‍ട്ടിക് ദ്വീപിലാകെ അഞ്ച് പ്രാദേശിക ആശുപത്രികളുണ്ട്. തലസ്ഥാനമായ നൂകിലെ ലെ ആശുപത്രി ദ്വീപിലെ മുഴുവന്‍  നിന്നുള്ള രോഗികള്‍ക്ക് സേവനം നല്‍കുന്നു.

2026 ആരംഭത്തില്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയില്‍ ചേര്‍ക്കണമെന്ന് ട്രംപ് പരസ്യമായി ആവര്‍ത്തിച്ച് ഉന്നയിച്ചതിനെ തുടര്‍ന്ന് യു എസും ഡെന്‍മാര്‍ക്കും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ജനുവരി 21-ന് ദാവോദിസില്‍ നടന്ന ലോക സാ്മ്പത്തിക ഫോറത്തിലെ ഉന്നതതല യോഗത്തില്‍ നേറ്റോ സഖ്യകക്ഷികളുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ട്രംപ് സമ്മതിച്ചതോടെ സംഘര്‍ഷം കുറയുകയായിരുന്നു.

ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള ട്രംപിന്റെ ആഗ്രഹവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രാജ്യം ഇപ്പോള്‍ മെച്ചപ്പെട്ട നിലയിലാണെന്നും എന്നാല്‍ 'പ്രതിസന്ധി പൂര്‍ണമായും അവസാനിച്ചിട്ടില്ല ഇതുവരെ ഒരു അന്തിമ പരിഹാരവും കണ്ടെത്തിയിട്ടില്ല' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.