സിഡ്‌നി: കൃത്രിമ ബുദ്ധി (AI) മൂലം വലിയ തോതിൽ വെള്ളക്കോളർ ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്ക ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്ന് സമ്മതിച്ച്‌സാം ആൾട്മാൻ. മുൻകാല പ്രവചനങ്ങൾ തെറ്റിയതിൽ സന്തോഷമുണ്ടെന്നും ആൾട്മാൻ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി പുറത്തിറങ്ങിയ 2022 കാലഘട്ടത്തിൽ, എൻട്രി ലെവൽ ഓഫീസ് ജോലികൾ വലിയ തോതിൽ ഇല്ലാതാകുമെന്ന് താൻ കരുതിയിരുന്നുവെന്ന് ആൾട്മാൻ പറഞ്ഞു.
'അതിൽ ഞാൻ തെറ്റിപ്പോയതിൽ സന്തോഷമുണ്ട്. ഇതുവരെ കൂടുതൽ ജോലികൾ ഇല്ലാതാകുമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല,' അദ്ദേഹം പറഞ്ഞു.
മനുഷ്യരുമായി നേരിട്ടുള്ള ആശയവിനിമയത്തിനും വ്യക്തിപരമായ ഇടപെടലുകൾക്കും ആളുകൾ ഇപ്പോഴും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് പിന്നീട് മനസ്സിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം അനുഭവം പങ്കുവെച്ച ആൾട്മാൻ, ഇമെയിലും സ്ലാക് സന്ദേശങ്ങൾക്കും മറുപടി നൽകാൻ ഒരിക്കൽ എഐ ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞു. 'This is Sam's AI' എന്ന ടാഗോടെയായിരുന്നു അത്. എന്നാൽ പിന്നീട് ചില സന്ദേശങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ താൻ തന്നെ തിരികെ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
'മനുഷ്യരെ നാം ഇപ്പോഴും വിലമതിക്കുന്നു. മനുഷ്യബന്ധങ്ങളും ആശയവിനിമയവും പൂർണമായി പകരംവയ്ക്കാൻ സോഫ്റ്റ്‌വെയറുകൾക്ക് കഴിയുന്നില്ല,' എന്നും അദ്ദേഹം പറഞ്ഞു.
എഐ മനുഷ്യരെ പൂർണമായി മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ തൊഴിൽരീതികളെ മാറ്റിമറിക്കാനാണ് സാധ്യതയെന്ന് ആൾട്മാൻ അഭിപ്രായപ്പെട്ടു. സൃഷ്ടിപരത, ആശയവിനിമയം, വികാരബോധം, നിർണയശേഷി തുടങ്ങിയ മേഖലകളിൽ മനുഷ്യരുടെ പങ്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2023ൽ നൽകിയ അഭിമുഖത്തിൽ എഐ കാരണം നിരവധി ജോലികൾ ഇല്ലാതാകുമെന്ന് ആൾട്മാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ മികച്ച ജോലികൾ രൂപപ്പെടുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ഇതിനിടെ ലോകമെമ്പാടുമുള്ള ടെക് കമ്പനികൾ എഐ രംഗത്തെ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരെ പിരിച്ചുവിടുന്നതും തുടരുകയാണ്. ലേഔഫ് ട്രാക്കർ TrueUp-ന്റെ കണക്കുപ്രകാരം 2026ൽ ഇതുവരെ ലോകവ്യാപകമായി 1.44 ലക്ഷം ടെക് തൊഴിലാളികൾക്ക് ജോലി നഷ്ടമായി.
മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ എഐ പുനഃസംഘടനയുടെ ഭാഗമായി ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
'എഐ വന്നപ്പോൾ വെള്ളക്കോളർ തൊഴിൽ മേഖല തകർന്നില്ല'; മുൻ പ്രവചനം തെറ്റിയെന്ന് സമ്മതിച്ച് സാം ആൾട്മാൻ
