'ഖമേനെയിക്ക് മരണം' മുദ്രാവാക്യം; ഇറാനിൽ വീണ്ടും പ്രതിഷേധ ജ്വാല, അമേരിക്ക-ഇറാൻ സംഘർഷം കനക്കുമോ?

'ഖമേനെയിക്ക് മരണം' മുദ്രാവാക്യം; ഇറാനിൽ വീണ്ടും പ്രതിഷേധ ജ്വാല, അമേരിക്ക-ഇറാൻ സംഘർഷം കനക്കുമോ?


ടെഹ്രാൻ: സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിനെതിരായ അസന്തുഷ്ടിയും തുടരുന്നതിനിടെ ഇറാനിൽ വീണ്ടും ഭരണവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നു. രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനെയിക്കെതിരെ 'ഖമേനെയിക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കിയുള്ള പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

ദേശവ്യാപക പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ട് ആളുകൾ ഒന്നിച്ചുകൂടിയപ്പോഴാണ് ഭരണവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നത്. ചിലർ രാജതന്ത്ര അനുകൂല മുദ്രാവാക്യങ്ങളും മുഴക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പൂക്കളും ചിത്രങ്ങളും കൈയിൽ പിടിച്ച് പ്രതിഷേധക്കാർ ഒത്തുകൂടിയപ്പോൾ വെടിയൊച്ച കേട്ടതായി ചില ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ഭീതിയോടെ ആളുകൾ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം, ഭരണകൂടവും ടെഹ്രാനിൽ പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അമേരിക്കയും പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രശ്‌നത്തിൽ ഇടപെടരുതെന്ന് ഖമേനെയി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഡിസംബർ 2025നും ജനുവരി 2026നും നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി സർക്കാർ പറയുന്നു. 3,000 മരണങ്ങളാണെന്ന് അധികാരികൾ വ്യക്തമാക്കുമ്പോൾ, 36,500ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്. യഥാർത്ഥ സംഖ്യ ഇപ്പോളും വ്യക്തമല്ല.

അമേരിക്ക-ഇറാൻ ആണവ ചർച്ചകൾ മുന്നോട്ട്

ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകളുടെ രണ്ടാം ഘട്ടം കഴിഞ്ഞതായി ഇറാൻ അറിയിച്ചു. വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയുടെ വാക്കുകൾ പ്രകാരം, 'മാർഗ്ഗനിർദ്ദേശ തത്വങ്ങൾ' സംബന്ധിച്ച് ധാരണയായി. കരാർ കരട് രൂപരേഖകൾക്ക് തുടർചർച്ചകൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട ചർച്ചയുടെ തീയതി ഉടൻ തീരുമാനിക്കുമെന്നും അറിയിച്ചു.

അമേരിക്കൻ ഭാഗത്ത് നിന്ന് ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് നിർദേശിച്ച 'ചുവപ്പു രേഖ' വിഷയങ്ങളിൽ ഇറാൻ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വാൻസ് പറഞ്ഞു. ആണവായുധം സ്വന്തമാക്കരുതെന്നും യൂറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കണമെന്നും അമേരിക്ക ആവർത്തിച്ചു.

ട്രംപ് ആക്രമണത്തിനിറങ്ങുമോ?

ട്രംപ് ഇറാനെതിരെ സൈനിക നടപടികൾക്ക് തയ്യാറാകുമോ എന്ന ചർച്ചകൾക്കിടെയാണ് ഖമേനെയിയുടെ കടുത്ത പ്രതികരണം. 'അമേരിക്കൻ യുദ്ധക്കപ്പൽ അയച്ചാലും അതിനെ സമുദ്രത്തിന്റെ അടിത്തട്ടിലേക്കയയ്ക്കാനുള്ള ആയുധം ഞങ്ങൾക്കുണ്ട്,' എന്നാണ് ഖമേനെയിയുടെ മുന്നറിയിപ്പ്.

ആണവ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാനിലെ ആഭ്യന്തര സംഘർഷവും അമേരിക്കയുമായുള്ള സംഘർഷവും മേഖലയില്ഡ അനിശ്ചിതത്വം വർധിപ്പിക്കുകയാണ്.