ഖംനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ പ്രസിഡന്റിനെതിരെ 'ഒത്തുതീര്‍പ്പുകാര്‍ക്ക് മരണം' മുദ്രാവാക്യം

ഖംനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ പ്രസിഡന്റിനെതിരെ 'ഒത്തുതീര്‍പ്പുകാര്‍ക്ക് മരണം' മുദ്രാവാക്യം


തെഹ്‌റാന്‍: പരമോന്നത നേതാവ് അലി ഖംനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെതിരെ കടുത്ത യാഥാസ്ഥിതിക അനുയായികള്‍ 'ഒത്തുതീര്‍പ്പുകാര്‍ക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകളെച്ചൊല്ലി ഇറാനിലെ ആഭ്യന്തര ഭിന്നതകള്‍ കൂടുതല്‍ വ്യക്തമായതായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.

ഖംനേയിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന ഇറാനിയന്‍ നേതാക്കള്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പുതിയ മുന്നറിയിപ്പുകളും പ്രതികാര പ്രഖ്യാപനങ്ങളും നടത്തി.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, ഖംനേയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. 'പ്രതികാരത്തിന്റെ അവസാന ഘട്ടം ജറുസലേമിന്റെ വിമോചനത്തിലൂടെയായിരിക്കും' എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

കഴിഞ്ഞ നാല് മാസമായി ഇറാനികള്‍ 'അമേരിക്കയ്ക്ക് മരണം', 'ഇസ്രയേലിന് മരണം' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് 'രക്തസാക്ഷിയായ നമ്മുടെ നേതാവിന്റെ കൊലയാളികള്‍ക്കെതിരെ' പ്രതികാരം ആവശ്യപ്പെട്ടുവരുകയാണെന്നും ഖാലിബാഫ് പറഞ്ഞു.

ഇറാനെ ആക്രമിച്ചവരും ഈ രാജ്യത്തെ രക്തസാക്ഷികളുടെയുടം പ്രത്യേകിച്ച് നേതാവിന്റെ കൊലയാളികളും അവരുടെ പ്രവൃത്തികള്‍ക്ക് വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഖര്‍ സോല്‍ഘദര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ജനതയോട് ബഹുമാനത്തോടെ സംസാരിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു ഭാഷയിലായിരിക്കും മറുപടിയെന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്ക ഇറാനുമായി ധാരണയിലെത്തുന്നതിനോട് അടുത്തിരിക്കുകയാണെങ്കിലും കരാര്‍ സാധ്യമായില്ലെങ്കില്‍ ബാക്കി ജോലി പൂര്‍ത്തിയാക്കും എന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു സോല്‍ഘദറിന്റെ പ്രതികരണം.

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള ഇറാനിയന്‍ നാഗരികതയെ മുന്‍പും ട്രംപ് സമാന രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിന്റെ ഫലം അമേരിക്കയ്ക്ക് പരാജയവും നിരാശയും ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തലിനുമുള്ള അഭ്യര്‍ഥനകളുമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ, സംഘര്‍ഷം രൂക്ഷമായാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇറാനിലെ പാലങ്ങള്‍ തകര്‍ക്കാനും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തിന്റെ ഊര്‍ജ- വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനും അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.