ഹോർമുസ്: യുദ്ധത്തിൽ നിന്ന് ഒത്തുതീർപ്പിലേക്കോ?

ഹോർമുസ്: യുദ്ധത്തിൽ നിന്ന് ഒത്തുതീർപ്പിലേക്കോ?


അമേരിക്ക-ഇറാൻ ധാരണ പുനരുജ്ജീവിപ്പിക്കാൻ നീക്കം; ട്രംപിനെ പിന്തിരിപ്പിച്ച് ഖത്തറും സൗദിയും, കടുത്ത നടപടിക്ക് സമ്മർദവുമായി യു.എ.ഇ

മധ്യപൗരസ്ത്യ മേഖല വീണ്ടും വൻ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്ന സാഹചര്യത്തിൽ, അമേരിക്ക-ഇറാൻ സംഘർഷം താൽക്കാലികമായെങ്കിലും നയതന്ത്ര ചർച്ചകളിലേക്ക് വഴിമാറുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അമേരിക്ക ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന വലിയ സൈനിക നടപടി അവസാന നിമിഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചതിന് പിന്നാലെ, ഹോർമുസ് കടലിടുക്ക് 60 ദിവസത്തേക്ക് ടോൾ ഈടാക്കാതെ തുറന്നിടുന്നതടക്കമുള്ള പുതിയ ധാരണ രൂപപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (MoU) പുനരുജ്ജീവിപ്പിക്കാനാണ് ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി 60 ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് തടസ്സമില്ലാതെ ഉപയോഗിക്കാനാകുമെന്നാണ് സൂചന. ഈ കാലയളവിൽ വെടിനിർത്തൽ നിലനിർത്താനും ഇരുപക്ഷവും ശ്രമിക്കുന്നുണ്ട്.

എന്നാൽ പ്രശ്‌നത്തിന്റെ കാതൽ ഹോർമുസിന്റെ നിയന്ത്രണമാണ്. കടലിടുക്ക് തുറക്കുമെന്നത് ധാരണയുടെ ഭാഗമാണെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, കടലിടുക്കിന്റെ നിയന്ത്രണാവകാശം ഇറാനിൽ തന്നെയാണെന്ന നിലപാടാണ് 'െഹ്രാൻ സ്വീകരിക്കുന്നത്. ഇതാണ് മുമ്പത്തെ ധാരണ തകരാൻ കാരണമായതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇസ്രായേലിനെ ഉൾപ്പെടുത്തി ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണപദ്ധതി തയ്യാറാക്കിയിരുന്നതായും റിപ്പോർട്ടുണ്ട്. ആക്രമണം ഇറാന്റെ സാമ്പത്തികരാഷ്ട്രീയ സംവിധാനത്തെ കാര്യമായി ബാധിക്കില്ലെങ്കിൽ അതിന് പ്രസക്തിയില്ലെന്ന നിലപാടാണ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതെന്നാണ് സൂചന.

ഇതിനിടെ ഖത്തറും സൗദി അറേബ്യയും യുദ്ധം ഒഴിവാക്കാൻ ശക്തമായ നയതന്ത്ര ഇടപെടലാണ് നടത്തിയത്. ഇറാനുമായി നടത്തിയ ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട ഖത്തർ, പിന്നീട് ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറായെന്ന സന്ദേശം ട്രംപിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നേരിട്ട് ട്രംപുമായി സംസാരിച്ച് ആക്രമണം ഒഴിവാക്കാൻ അഭ്യർഥിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം പിൻവലിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്.

എന്നാൽ ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളും ഒരേ നിലപാടിലായിരുന്നില്ല. അമേരിക്ക കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കണമെന്നായിരുന്നു യു.എ.ഇയുടെ ആവശ്യമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നതും ആവശ്യമെങ്കിൽ കരയുദ്ധം ഉൾപ്പെടെയുള്ള നടപടികളും പരിഗണിക്കണമെന്നാണ് യു.എ.ഇ വാദിച്ചതെന്നാണ് റിപ്പോർട്ട്.

നയതന്ത്രത്തിന്റെ നിർണായക പരീക്ഷണം

ലോക സമുദ്രവ്യാപാരത്തിന്റെ നിർണായക കവാടമായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ഈ പുതിയ ചർച്ചകൾ വിജയിച്ചാൽ ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം കുറയാനും മേഖലയിൽ യുദ്ധഭീഷണി താൽക്കാലികമായി ഒഴിവാകാനും സാധ്യതയുണ്ട്. എന്നാൽ നിയന്ത്രണാവകാശം, ആണവപരിപാടി, പ്രാദേശിക സ്വാധീനം എന്നീ വിഷയങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള അടിസ്ഥാന ഭിന്നതകൾ പരിഹരിക്കപ്പെടാത്തതിനാൽ ഈ ധാരണ എത്രത്തോളം നിലനിൽക്കുമെന്നതാണ് ഇനി നിർണായകമായ ചോദ്യം.