യുഎൻ: ക്യൂബയിൽ ഭക്ഷണവും ശുദ്ധജലവും ലഭ്യമാകുന്നത് ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് യുനൈറ്റഡ് നേഷൻസ് മുന്നറിയിപ്പ് നൽകിയതായി വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ദീർഘകാലമായി തുടരുന്ന അമേരിക്ക സാമ്പത്തിക ഉപരോധങ്ങളും വ്യാപാരധനകാര്യ നിയന്ത്രണങ്ങളുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം എന്നാണ് യു.എൻ വിലയിരുത്തൽ. ഭക്ഷ്യവസ്തുക്കൾ, കൃഷിക്ക് ആവശ്യമായ ഇന്ധനം, വളം, വിത്ത് എന്നിവയും കുടിവെള്ളം ശുദ്ധീകരിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിൽ ക്യൂബ കടുത്ത തടസ്സം നേരിടുകയാണ്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിതരണം താളം തെറ്റുകയും, കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്തിട്ടുണ്ട്. ചില മേഖലകളിൽ ദിവസങ്ങളോളം വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും, ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിൽ പോലും ആശങ്ക ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.എൻ മനുഷ്യാവകാശ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതുപോലെ, സാമ്പത്തിക ഉപരോധങ്ങൾ ഭരണകൂടങ്ങളെ ലക്ഷ്യമിടുന്നതാണെന്ന അവകാശവാദം നിലനിൽക്കുമ്പോഴും, യാഥാർഥ്യത്തിൽ അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. കുട്ടികൾ, വയോധികർ, ഗർഭിണികൾ, ദീർഘകാല രോഗങ്ങൾ അനുഭവിക്കുന്നവർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന വിഭാഗങ്ങൾ. ഭക്ഷണാവകാശം, ശുദ്ധജലാവകാശം, ആരോഗ്യാവകാശം എന്നീ അടിസ്ഥാന മനുഷ്യാവകാശങ്ങൾ തന്നെ അപകടത്തിലായിരിക്കുകയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകുന്നു.
ഉപരോധങ്ങളിൽ മാനുഷിക ഇളവുകൾ ഉണ്ടെന്ന് അമേരിക്കൻ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര ബാങ്കുകളും കപ്പൽ കമ്പനികളും ഇൻഷുറൻസ് സ്ഥാപനങ്ങളും ശിക്ഷാ നടപടികൾ ഭയന്ന് ക്യൂബയുമായി ഇടപെടാൻ തയ്യാറാകാത്തതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇതുമൂലം പ്രഖ്യാപനത്തിൽ മാത്രമായി നിൽക്കുന്ന ഇളവുകൾ പ്രായോഗികമായി ഫലപ്രദമാകുന്നില്ല. ക്യൂബയിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് രാജ്യത്തിനകത്തുള്ള നയപരമായ വീഴ്ചകളും കാരണമാണെന്ന അമേരിക്കൻ വാദം നിലനിൽക്കുമ്പോഴും, ഉപരോധങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും ജനങ്ങളുടെ നിത്യജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന വസ്തുത അവഗണിക്കാനാവില്ലെന്നാണ് യു.എൻ നിലപാട്. സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ സമ്മർദ്ദ നയങ്ങൾ പുനഃപരിശോധിക്കണമെന്നും, മനുഷ്യാവകാശങ്ങൾ മുൻനിർത്തിയുള്ള സമീപനം സ്വീകരിക്കണമെന്നും യു.എൻ ആവശ്യപ്പെടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭക്ഷണവും ശുദ്ധജലവും ഇല്ലാതെ ക്യൂബ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് യുനൈറ്റഡ് നേഷൻസ്
