ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് തകർത്ത് പ്രതിഷേധം

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് തകർത്ത് പ്രതിഷേധം


ഹവാന: ക്യൂബയിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ഭക്ഷ്യവില വർധനവും കാരണം ജനരോഷം  ശക്തമാകുന്നു. ഈ സാഹചര്യത്തിൽ സെൻട്രൽ ക്യൂബയിലെ മൊറോൺ നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് തകർത്തു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വൈദ്യുതി മുടക്കം, ഭക്ഷ്യ-മരുന്ന് ക്ഷാമം എന്നിവയ്‌ക്കെതിരെ നടന്ന പ്രതിഷേധം ആദ്യം സമാധാനപരമായിരുന്നു. പിന്നീട് ചിലർ പാർട്ടി ഓഫീസിന്റെ വാതിലുകൾ കല്ലെറിഞ്ഞ് തകർക്കുകയും കെട്ടിടത്തിൽ നിന്നുള്ള ഫർണിച്ചർ പുറത്തെടുത്ത് തെരുവിൽ കത്തിക്കുകയും ചെയ്തു. സമീപത്തെ ഫാർമസിക്കും പൊതു മാർക്കറ്റിനും നാശനഷ്ടം നേരിട്ടതായി റിപ്പോർട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തേക്ക് ഇന്ധനം എത്താത്തതിനാൽ ക്യൂബയിലെ വൈദ്യുതി ഉത്പാദനത്തെ ഗുരുതരമായി ബാധിച്ചതായി സർക്കാർ പറയുന്നു. ഇതോടെ പല നഗരങ്ങളിലും ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടായി. 

 ജനങ്ങളുടെ പരാതികൾ 'ന്യായമായവ' ആണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്‌കാനെൽ സമ്മതിച്ചെങ്കിലും അക്രമവും നാശനഷ്ടവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം അമേരിക്കയുടെ എണ്ണ ഉപരോധമാണെന്ന് അദ്ദേഹം ആരോപിച്ചു. 

അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം ഇപ്പോൾ കടുത്ത സംഘർഷാവസ്ഥയിലാണ്. വെനിസ്വേലയിൽ നിന്നുള്ള എണ്ണ വിതരണവും അമേരിക്ക തടഞ്ഞതോടെ ക്യൂബയുടെ ഊർജ്ജ പ്രതിസന്ധി കൂടുതൽ വഷളായി. ഇതാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ പ്രതിഷേധവും വർധിക്കാൻ കാരണമായത്. 

കഴിഞ്ഞ ദിവസങ്ങളിൽ ഹവാന അടക്കമുള്ള നഗരങ്ങളിൽ വൈദ്യുതി മുടക്കിനെതിരെ പാത്രങ്ങൾ അടിച്ചു പ്രതിഷേധിക്കുന്ന 'കസെറോളാസോ' പ്രക്ഷോഭങ്ങളും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.