ഹവാന/ന്യൂയോർക്ക്: കടുത്ത ഇന്ധന ക്ഷാമം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ക്യൂബ അറിയിച്ചു. അതേസമയം എണ്ണ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ ക്യൂബയിൽ മനുഷ്യാവകാശ-മാനവിക 'തകർച്ച' ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. ക്യൂബയിലേക്കുള്ള എണ്ണവിതരണം തടയാൻ അമേരിക്ക കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വെനിസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണ എത്തുന്നതും തടഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെയും ഗതാഗതത്തിന്റെയും വില കുത്തനെ ഉയരുകയും തലസ്ഥാനമായ ഹവാന ഉൾപ്പെടെ മണിക്കൂറുകളോളം വൈദ്യുതി മുടക്കം നേരിടേണ്ടിവരികയും ചെയ്തു. ഈ പശ്ചാത്തലത്തിൽ 'ക്യൂബയിലെ ഉന്നത നേതൃത്വവുമായി' ചർച്ച തുടങ്ങിയതായി ട്രംപ് വ്യക്തമാക്കി. ക്യൂബയുമായി കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
എന്നാൽ ക്യൂബയെ യുഎസ് ദേശീയ സുരക്ഷയ്ക്ക് 'അസാധാരണ ഭീഷണി'യെന്ന് പ്രഖ്യാപിച്ച ട്രംപ്, ദ്വീപിലേക്ക് എണ്ണ അയക്കുന്ന രാജ്യങ്ങൾക്കെതിരേ തീരുവ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ധന പ്രതിസന്ധി മൂലം ജനജീവിതം താളം തെറ്റിയ സാഹചര്യത്തിൽ, ഉപരോധങ്ങൾ ശമിപ്പിക്കണമെന്ന ആവശ്യമുയർത്തി ക്യൂബയും രംഗത്തെത്തിയിട്ടുണ്ട്. മേഖലയിൽ സംഘർഷം വർധിക്കുമെന്നും ദീർഘകാല അസ്ഥിരതയിലേക്കു കാര്യങ്ങൾ നീങ്ങാമെന്നും അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് യുഎസ്-ക്യൂബ ചർച്ചകളുടെ സാധ്യത ഉയരുന്നത്.
ഇന്ധന ക്ഷാമം രൂക്ഷം; ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ക്യൂബ
