അമേരിക്കന്‍ സൈനിക ആക്രമണ സാധ്യത: തങ്ങളും സജ്ജരെന്ന് ക്യൂബ

അമേരിക്കന്‍ സൈനിക ആക്രമണ സാധ്യത: തങ്ങളും സജ്ജരെന്ന് ക്യൂബ


ഹവാന: അമേരിക്കയില്‍ നിന്നുള്ള സൈനിക ആക്രമണത്തെ നേരിടാന്‍ ക്യൂബയുടെ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഉപ വിദേശകാര്യ മന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കാസിയോ വ്യക്തമാക്കി.

എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ സൈന്യം എപ്പോഴും സജ്ജമാണെന്നും  ഇപ്പോഴും സൈനിക ആക്രമണ സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് സംഘര്‍ഷ സാധ്യത അവഗണിക്കുന്നത് വിഡ്ഡിത്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുദ്ധം ഒഴിവാക്കാനാണ് ക്യൂബയുടെ നേതാക്കള്‍ ആഗ്രഹിക്കുന്നതെന്നും അതിന് യാതൊരു ന്യായീകരണവും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെനസ്വേലയിലെ സൈനിക നീക്കവും പ്രസിഡന്റ് നിക്കോളസ് മഡുരോയെ പിടികൂടിയതും പിന്നാലെ അമേരിക്കയും ക്യൂബയും തമ്മിലുള്ള സംഘര്‍ഷം ശക്തമായിരിക്കുകയാണ്. ക്യൂബന്‍ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഡൂറോയുടെ സംഭവവികാസങ്ങള്‍ ഈ പ്രസ്താവനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഈ സാഹചര്യത്തില്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ക്യൂബയില്‍ സൈനിക ഇടപെടല്‍ അടുത്ത ഘട്ടമായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്യൂബ ഒരു സ്വതന്ത്ര രാജ്യമായതിനാല്‍ അതിന്റെ സ്വാധീനവും രാഷ്ട്രീയ സംവിധാനവും ചര്‍ച്ചയ്ക്ക് വിധേയമാക്കാനാവില്ലെന്നും ഡി കോസിയോ വ്യക്തമാക്കി. ഭരണകൂട മാറ്റം യു എസ്- ക്യൂബ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ട വിഷയമല്ലെന്നും അദ്ദേഹം ഉറപ്പിച്ചു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താന്‍ ആശയവിനിമയം തുടരുന്നുണ്ടെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ അടുത്തിടെ അമേരിക്കയുമായി ധാരണയിലെത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തിലും ഭരണഘടനയിലും മാറ്റം വരുത്തുന്നത് ചര്‍ച്ചാവിഷയമല്ലെന്ന് ക്യൂബ വ്യക്തമാക്കിയിട്ടുണ്ട്.