ക്യൂബ തീരത്ത് ഏറ്റുമുട്ടൽ: യു.എസിൽ രജിസ്റ്റർ ചെയ്ത ബോട്ടിലെ നാലുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

ക്യൂബ തീരത്ത് ഏറ്റുമുട്ടൽ: യു.എസിൽ രജിസ്റ്റർ ചെയ്ത ബോട്ടിലെ നാലുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്


ക്യൂബയുടെ തീരത്തിനു സമീപം യു.എസിൽ രജിസ്റ്റർ ചെയ്ത സ്പീഡ്‌ബോട്ടിലുണ്ടായിരുന്നവരും ക്യൂബൻ അതിർത്തി സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ക്യൂബ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്യൂബൻ ജലപരിധിക്കുള്ളിൽ കണ്ടെത്തിയ ബോട്ടിനെ തിരിച്ചറിയുന്നതിനായി അതിർത്തി കാവൽ സേന സമീപിച്ചപ്പോൾ, ബോട്ടിലുണ്ടായിരുന്നവർ വെടിയുതിർത്തതായി മന്ത്രാലയം വ്യക്തമാക്കി. വെടിവെപ്പിൽ ക്യൂബൻ കപ്പലിന്റെ കമാൻഡർക്ക് പരിക്കേറ്റതായും അറിയിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വിദേശ കപ്പലിലുണ്ടായിരുന്ന നാലുപേർ കൊല്ലപ്പെട്ടതും ആറുപേർക്ക് പരിക്കേറ്റതും. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ വ്യക്തമാക്കി.

ഫ്‌ളോറിഡയിൽ രജിസ്റ്റർ ചെയ്ത ബോട്ടാണ് സംഭവത്തിൽ ഉൾപ്പെട്ടത്. ബുധനാഴ്ച രാവിലെ വില്ല ക്ലാര പ്രവിശ്യയിലെ കായോ ഫാൽക്കോനെസിലെ എൽ പിനോ ചാനലിന് വടക്കുകിഴക്കായി ഏകദേശം ഒരു നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം ഉണ്ടായത്.

'നിലവിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സ്വാധീനവും മേഖലയുടെ സ്ഥിരതയും ഉറപ്പാക്കാൻ ദേശീയ പ്രതിരോധം അനിവാര്യമാണ്. അതിനാൽ ജലപരിധി സംരക്ഷിക്കാൻ ക്യൂബ പ്രതിജ്ഞാബദ്ധമാണ്,' ക്യൂബ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സംഭവത്തെക്കുറിച്ച് വിവരമറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'സംഭവം ഗുരുതരമല്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ പറയാനില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഹവാനയിലെ യു.എസ് എംബസിയിലെ നയതന്ത്രജ്ഞർ ബോട്ടിലുണ്ടായിരുന്നവർക്ക് പ്രവേശനം ലഭ്യമാക്കാൻ ശ്രമിക്കുന്നതായി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇവർ യു.എസ് പൗരന്മാരോ സ്ഥിരതാമസക്കാരോ ആണോ എന്നത് സ്ഥിരീകരിക്കാനാണ് ശ്രമം. ക്യൂബ നൽകുന്ന വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള കടൽ ഏറ്റുമുട്ടൽ ഏറെ അപൂർവ്വമാണെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. 'ക്യൂബയുമായി ഇത്തരത്തിലുള്ള വെടിവെപ്പ് സംഭവങ്ങൾ ഏറെക്കാലമായി ഉണ്ടായിട്ടില്ല,' എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഫ്‌ളോറിഡ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയർ ഫെഡറൽ, സംസ്ഥാന, നിയമസംരക്ഷണ ഏജൻസികളുമായി ചേർന്ന് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി അറിയിച്ചു.

ഫ്‌ളോറിഡയിലെ കോൺഗ്രസ് പ്രതിനിധികളായ കാർലോസ് ഗിമനസ്, റിക്ക് സ്‌കോട്ട് എന്നിവരും പൂർണ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യു.എസ് പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടോ, യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് അവർ ആവശ്യപ്പെട്ടു.