ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി തുടരുന്നു; അധികാര പങ്കിടലില്‍ നെതന്യാഹുവും ഐസന്‍കോട്ടും രണ്ട് തട്ടില്‍

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി തുടരുന്നു; അധികാര പങ്കിടലില്‍ നെതന്യാഹുവും ഐസന്‍കോട്ടും രണ്ട് തട്ടില്‍


ജറുസലേം: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാദി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയും തമ്മില്‍ അധികാര പങ്കിടല്‍ സംബന്ധിച്ച് ധാരണയിലെത്താനായില്ല. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും സമവായമുണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുപക്ഷവും വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും അടുത്ത കൂടിക്കാഴ്ചയുടെ തിയ്യതി നിശ്ചയിച്ചിട്ടില്ല.

വിവിധ വിഷയങ്ങളിലുള്ള തങ്ങളുടെ നിലപാടുകള്‍ ഇരുപക്ഷവും വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രധാന വിഷയങ്ങളില്‍ ഇരുവിഭാഗങ്ങളും നിലപാടുകള്‍ വ്യക്തമാക്കിയെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനായിട്ടില്ല.

തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പുതിയ സര്‍ക്കാരില്‍ ഉണ്ടാകരുതെന്നാണ് ഐസന്‍കോട്ടിന്റെ പ്രധാന ആവശ്യം. എന്നാല്‍ 27 സീറ്റുകളുള്ള ലിക്കുഡ് പാര്‍ട്ടി ഇക്കാര്യത്തില്‍ മുന്‍കൂട്ടി ഉറപ്പുനല്‍കാന്‍ തയ്യാറായിട്ടില്ല. യാഷര്‍ പാര്‍ട്ടിക്ക് 21 സീറ്റുകളാണുള്ളത്.

ആരാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. മുഴുവന്‍ ഭരണകാലയളവിലും ഐസന്‍കോട്ടുതന്നെ പ്രധാനമന്ത്രിയാകണമെന്നാണ് യാഷറിന്റെ നിലപാട്. എന്നാല്‍ നെതന്യാഹു തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് ലിക്കുഡ് ആവശ്യപ്പെടുന്നത്.

ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള മുന്നണി 48 സീറ്റുകള്‍ നേടിയിരുന്നു. കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകള്‍ കുറവാണിത്. ഇരുനേതാക്കളും മാറിമാറി പ്രധാനമന്ത്രിപദം വഹിക്കുന്ന ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് നെതന്യാഹുവിന്റെ നിര്‍ദേശം. എന്നാല്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമാകില്ലെന്ന് ഐസന്‍കോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മറ്റൊരു നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ നേതൃത്വത്തിലുള്ള 'ടുഗെതര്‍' സഖ്യം, യാഷര്‍, ലിക്കുഡ്, അവിഗ്‌ദോര്‍ ലിബര്‍മാന്റെ യിസ്രയേല്‍ ബെയ്തേനു എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ബെന്നറ്റിന്റെ നിര്‍ദേശം. ഇതനുസരിച്ച് ആദ്യം ഐസന്‍കോട്ടും പിന്നീട് നെതന്യാഹുവും പ്രധാനമന്ത്രിപദം ഏറ്റെടുക്കണം. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം പങ്കിട്ടെടുക്കുന്ന സംവിധാനത്തെ ഐസന്‍കോട്ട് എതിര്‍ക്കുന്നു. ആദ്യം പ്രധാനമന്ത്രിയാകണമെന്ന നിലപാടിലാണ് നെതന്യാഹു. നെതന്യാഹു ഉള്‍പ്പെടുന്ന ഒരു സര്‍ക്കാരിലും പങ്കാളിയാകില്ലെന്ന് ലിബര്‍മാനും വ്യക്തമാക്കിയിട്ടുണ്ട്.

ഐക്യസര്‍ക്കാരില്‍ ചേരുന്നതിന് ലിക്കുഡ് ചില ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. നെതന്യാഹുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളും പ്രകോപനപരമായ പ്രസ്താവനകളും അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

ചര്‍ച്ചകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഐസന്‍കോട്ട് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിയന്തര ദേശീയ സര്‍ക്കാരിന്റെ രൂപീകരണ നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് പാര്‍ട്ടികളിലെ 19 എം പിമാരുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാരിന് അധികാരത്തിലെത്താന്‍ കഴിയുമെന്ന സാധ്യതയുണ്ടെങ്കിലും അവരുമായി സഹകരിക്കുന്നതിനെ ലിബര്‍മാന്‍ എതിര്‍ക്കുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് ഡിസംബര്‍ ആറു വരെ സമയമുണ്ട്. ആവശ്യമെങ്കില്‍ 14 ദിവസം കൂടി കാലാവധി നീട്ടിനല്‍കാം. അതിനുശേഷം നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസം ലഭിക്കാനാണ് സാധ്യത.