കോവിഡ് തിരികെ വരുന്നുവോ? സിംഗപ്പൂരില്‍ വ്യാപനം രൂക്ഷം; മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം

കോവിഡ് തിരികെ വരുന്നുവോ? സിംഗപ്പൂരില്‍ വ്യാപനം രൂക്ഷം; മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം


സിംഗപ്പൂര്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ സിംഗപ്പൂരില്‍ മാസ്‌ക് ധരിക്കാന്‍ ഉത്തരവ്. മെയ് അഞ്ചിനും 11നും ഇടയില്‍ 25,900 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 13,700 കേസുകളായിരുനനു. 

കോവിഡ് വ്യാപനം ശക്തമായതോടെ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് മുന്നറിയിപ്പ് നല്‍കി. 

കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് നിലവിലുള്ളതെന്നും ജൂണ്‍ പകുതിയോടെ രോഗവ്യാപനം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നുമാണ് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പില്‍ പറയുന്നത്. എന്നാല്‍ മാസ്‌ക് ധരിക്കുന്നതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങളോ നിര്‍ബന്ധിത പദ്ധതികളോ രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

കോവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പ്രതിദിനം 181ല്‍ നിന്നും 250 ആയി ഉയര്‍ന്നു. 

അറുപത് വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കാനും 12 മാസത്തിനിടെ കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

നിലവിലുള്ള എണ്ണത്തില്‍ നിന്നും കോവിഡ് രോഗബാധ ഇരട്ടിയിലേക്കെത്തിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം 500 ആയി വര്‍ധിക്കുമെന്നും അത് ഇരട്ടിയിലേക്കെത്തിയാല്‍ ആരോഗ്യ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പില്‍ പറയുന്നു.