ഇറാനില്‍ പ്രതിഷേധം കത്തുന്നു; ഉടന്‍ രാജ്യം വിടാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ഇറാനില്‍ പ്രതിഷേധം കത്തുന്നു; ഉടന്‍ രാജ്യം വിടാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്


ടെഹ്‌റാന്‍: ഇറാനിലുടനീളം പടരുന്ന പ്രതിഷേധങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്ത് നിന്ന് ഉടന്‍ പുറപ്പെടണമെന്ന് യുഎസ് എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കി. സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്നും, വ്യാപക അറസ്റ്റുകളും പരുക്കേല്‍പ്പിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും എംബസി അറിയിച്ചു. റോഡുകള്‍ അടയ്ക്കപ്പെടുന്നതും പൊതുഗതാഗതം തടസ്സപ്പെടുന്നതും ഇന്റര്‍നെറ്റ് ബ്ലോക്കുകളും തുടരുന്നതിനാല്‍ സാധാരണ ജീവിതം താളം തെറ്റിയിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുന്നതിനാല്‍, സുരക്ഷിതമാണെങ്കില്‍ ഭൂമിമാര്‍ഗ്ഗം വഴി അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ പുറപ്പെടാന്‍ അമേരിക്കന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനില്‍ തുടരുന്ന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ ഡിസംബര്‍ 28ന് ആരംഭിച്ച ശേഷം രാജ്യവ്യാപകമായി പടരുകയായിരുന്നു. യുഎസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍എഎന്‍എയുടെ കണക്കു പ്രകാരം ഇതുവരെ 599 പേര്‍ കൊല്ലപ്പെടുകയും, 10,694 പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും പ്രതിഷേധക്കാരാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ സുരക്ഷാസേനകള്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി മാറി.

ഇതിനിടെ, ഇറാനുമായി ആശയവിനിമയം തുടരുകയാണെന്ന് വാഷിംഗ്ടണ്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ഭരണകൂടത്തിന്റെ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും, സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള എല്ലാ വഴികളും തുറന്നുവെച്ചിരിക്കുകയുമാണ്. എന്നാല്‍, നയതന്ത്രമാണ് ഇപ്പോഴും ട്രംപ് ഭരണകൂടത്തിന്റെ ആദ്യ പരിഗണനയെന്നതാണ് വൈറ്റ് ഹൗസ് വക്താവ് കാരൊലൈന്‍ ലെവിറ്റ് വ്യക്തമാക്കിയത്. ഇറാന്‍ പരസ്യമായി പറയുന്നതും സ്വകാര്യമായി നല്‍കുന്ന സന്ദേശങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും, അത് പരിശോധിക്കാന്‍ അമേരിക്ക താല്‍പ്പര്യപ്പെടുന്നതായും അവര്‍ പറഞ്ഞു.

 വാഷിംഗ്്ടണില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും അറിയിച്ചു. എന്നാല്‍, ഭീഷണികളും ചര്‍ച്ചകളും ഒരേസമയം തുടരുന്നതിനെതിരെ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. വിദേശ ഇടപെടല്‍ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇതോടെ പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷ സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ആഭ്യന്തര പ്രതിഷേധവും അന്താരാഷ്ട്ര സമ്മര്‍ദവും ഒരുമിച്ച് ഇറാനെ വലയുമ്പോള്‍, അമേരിക്ക-ഇറാന്‍ ബന്ധം വീണ്ടും അതീവ അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.