ദക്ഷിണകൊറിയയില്‍ എഐ ഉപയോഗിച്ചുള്ള പരീക്ഷാത്തട്ടിപ്പ് വിവാദം; വിദ്യാഭ്യാസമന്ത്രി രാജിവച്ചു

ദക്ഷിണകൊറിയയില്‍ എഐ ഉപയോഗിച്ചുള്ള പരീക്ഷാത്തട്ടിപ്പ് വിവാദം; വിദ്യാഭ്യാസമന്ത്രി രാജിവച്ചു


സോള്‍: നിര്‍മിത ബുദ്ധി (എഐ) സഹായത്തോടെ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന വിവാദം രാജ്യത്ത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന് ദക്ഷിണകൊറിയന്‍ വിദ്യാഭ്യാസമന്ത്രി ചോയ് ക്യോ-ജിന്‍ രാജിവച്ചു. ഞായറാഴ്ചയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി പ്രസിഡന്റ് ലീ ജേ മ്യുങ് അംഗീകരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച നടന്ന നിര്‍ണായക സര്‍വകലാശാലാ പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായാണ് എഐ സഹായത്തോടെയുള്ള പരീക്ഷാത്തട്ടിപ്പ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പരീക്ഷകളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്താനുള്ള സാധ്യതയെക്കുറിച്ച് രാജ്യത്ത് ആശങ്ക ശക്തമായിരുന്നു. ദേശീയതലത്തിലുള്ള ടാക്‌സ് അക്കൗണ്ടന്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഉദ്യോഗാര്‍ഥി, ശരീരത്തില്‍ ഒളിപ്പിച്ച മിനി കാമറയും സ്മാര്‍ട്ട്‌ഫോണും ഉപയോഗിച്ചാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയതെന്ന് സമ്മതിച്ചത് വിവാദം കൂടുതല്‍ രൂക്ഷമാക്കി. രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷയായ സുനെങ് നടക്കുന്നതിന് വെറും നാലുദിവസം മുമ്പായിരുന്നു ഈ വെളിപ്പെടുത്തല്‍.

ദക്ഷിണകൊറിയയില്‍ വര്‍ഷംതോറും നടക്കുന്ന ഒമ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുനെങ് പരീക്ഷയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനും മികച്ച ശമ്പളമുള്ള ജോലി ലഭിക്കുന്നതിനും വിവാഹസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുപോലും ഈ പരീക്ഷയിലെ വിജയം നിര്‍ണായകമാണെന്നാണ് പൊതുവായ വിലയിരുത്തല്‍.

ഈ വര്‍ഷത്തെ പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാന്‍ അധികൃതര്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. പരീക്ഷാകേന്ദ്രങ്ങളിലെ പൊതു വൈഫൈ സൗകര്യം തടഞ്ഞു. പരീക്ഷാര്‍ഥികളുടെ കണ്ണടകള്‍ പരിശോധിച്ചു. ഒളികാമറകള്‍ ഘടിപ്പിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വസ്ത്രങ്ങളിലെ ബട്ടണുകളില്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിച്ചു.

ഒളിപ്പിച്ചുവെച്ചിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശബ്ദമുണ്ടാക്കുന്നതിന് രാജ്യവ്യാപകമായി ഒഴിവാക്കാനാകാത്ത മൂന്ന് അടിയന്തര ദുരന്ത മുന്നറിയിപ്പ് സന്ദേശങ്ങളും അയച്ചു. എന്നിട്ടും 111 ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 54 എണ്ണം അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങള്‍ വഴിയും 52 എണ്ണം നേരിട്ടുള്ള പരിശോധനകളിലൂടെയും സിഗ്നല്‍ പരിശോധനകളിലൂടെയുമാണ് കണ്ടെത്തിയത്. സ്മാര്‍ട്ട് കണ്ണടകളും മിനി കാമറയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജീവമായി ഉപയോഗിച്ച അഞ്ച് സംഭവങ്ങളും കണ്ടെത്തി.

പരീക്ഷാ ക്രമക്കേടുകള്‍ മുന്‍കൂട്ടി തടയുന്നതില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് 72കാരനായ ചോയ് ക്യോ-ജിന്‍ വ്യക്തമാക്കി.

നവംബര്‍ 16ന് നടന്ന പാര്‍ലമെന്ററി സമിതിയുടെ ഹിയറിങ്ങിനിടെ, തന്റെ പ്രായം കാരണം പരീക്ഷാത്തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയുമോയെന്ന കാര്യത്തില്‍ ആത്മവിശ്വാസമില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരായ വിമര്‍ശനം ശക്തമായത്.

തുടര്‍ന്ന് പരീക്ഷയ്ക്ക് മുന്നോടിയായി നടന്ന മാധ്യമ സമ്മേളനങ്ങളില്‍നിന്നും മന്ത്രി വിട്ടുനിന്നു. പകരം ഉപമന്ത്രി ചോയ് യൂന്‍-ഓക്കാണ് അടിയന്തര സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷ വലിയ അനിഷ്ടസംഭവങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും മുന്‍കരുതലുകള്‍ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പൊതുവിമര്‍ശനത്തില്‍നിന്ന് തനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് മന്ത്രി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.