ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിൽ മാസത്തിലധികമായി തുടരുന്ന സംഘർഷത്തിന് ഇടവേള നൽകുന്ന വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ആദ്യമായി പ്രതികരിച്ചു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യ നിലപാട് വ്യക്തമാക്കിയതുപോലെ, സംഘർഷം അവസാനിപ്പിക്കാൻ സംയമനം, സംവാദം, നയതന്ത്ര ശ്രമങ്ങൾ എന്നിവ നിർണായകമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ യുദ്ധം മനുഷ്യർക്കും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും, പ്രത്യേകിച്ച് ഊർജ വിതരണവും വ്യാപാര ശൃംഖലകളെയും ഗുരുതരമായി ബാധിച്ചുവെന്നും ഇന്ത്യ വിലയിരുത്തി. ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത കപ്പൽഗതാഗതവും ആഗോള വ്യാപാര പ്രവാഹവും പുനഃസ്ഥാപിക്കപ്പെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷകാലത്ത് ഈ കടലിടുക്ക് തുറന്നുവെക്കുന്നതിന് അനുമതി നൽകിയ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.
അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ ഇടപെട്ടതായി പറയപ്പെടുന്ന പാകിസ്താന്റെ പങ്കിനെ കുറിച്ച് ഇന്ത്യയുടെ പ്രസ്താവനയിൽ പരാമർശമില്ലെന്നത് ശ്രദ്ധേയമായി.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും സുരക്ഷാ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ ശക്തമായി നിർദേശിച്ചു. എംബസി നിർദേശങ്ങൾ പാലിക്കാതെ അന്താരാഷ്ട്ര കരാതിർത്തികളിലേക്ക് നീങ്ങരുതെന്നും, യാത്രകൾ മുൻകൂട്ടി ഏകോപിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. അതിന് മുമ്പ്, 48 മണിക്കൂർ വീടുകളിൽ തന്നെ തുടരാനും പൊതുസൗകര്യ കേന്ദ്രങ്ങളോട് അടുക്കാതിരിക്കാനും നിർദ്ദേശിച്ചിരുന്നു.
ഇതിനിടെ, ഇറാനോട് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം 'ഒരു സംസ്‌കാരം തന്നെ നശിച്ചേക്കാം' എന്ന തരത്തിലുള്ള ഭീഷണി മുഴക്കിയതും വിവാദമായി. തുടർന്ന് രണ്ട് ആഴ്ചത്തേക്ക് ആക്രമണം നിർത്തിവയ്ക്കാൻ അമേരിക്ക തയ്യാറായതോടെ, ഇറാനും ചർച്ചകൾക്ക് സമ്മതിച്ചതായി അറിയിച്ചു.
രണ്ടു രാജ്യങ്ങളും താൽക്കാലിക ധാരണയിലെത്തിയതോടെ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം പുനരാരംഭിക്കാനുള്ള സാഹചര്യം രൂപപ്പെട്ടു. എന്നാൽ കരാർ ദീർഘകാല സമാധാനത്തിലേക്ക് നയിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.
'' ഇറാൻ-അമേരിക്ക വെടിനിർത്തൽ: 'സംഘർഷം വൻ ദുരിതം സൃഷ്ടിച്ചു' - ഇന്ത്യയുടെ ആദ്യ പ്രതികരണം; പാകിസ്താനെ കുറിച്ച് പരാമർശമില്ല
