ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഭേദിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍; നിരവധിപേര്‍ക്ക് പരിക്ക്

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഭേദിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍; നിരവധിപേര്‍ക്ക് പരിക്ക്


ടെല്‍ അവീവ് :ഇസ്രയേലിന്റെ വ്യോമ പ്രതിരരോധ സംവിധാനത്തെ ഭേദിച്ച് ഇറാന്‍ അയച്ച പത്തോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റെന്ന് ഇസ്രയേല്‍ സേന.  

 ഇസ്രയേലിനെതിരെ ഒന്നിലധികം പോര്‍മുനകളുള്ള മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ ഇത്തരം മിസൈലുകള്‍ക്കു സാധിച്ചു. മിസൈല്‍ ആക്രമണമുണ്ടാകുമ്പോള്‍ ഒരു പോര്‍മുനയ്ക്കു പകരം പല പോര്‍മുനകളെ തിരിച്ചറിഞ്ഞു തകര്‍ക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്. അയേണ്‍ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലില്‍ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലില്‍ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസന്‍കണക്കിനാളുകള്‍ക്കു പരുക്കേറ്റു.
 ബീര്‍ഷബ സൊറോക ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ആശുപത്രി ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്നും ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

എന്നാല്‍, ആശുപത്രിക്ക് സമീപമുള്ള സൈനിക കേന്ദ്രത്തിലും രഹസ്യാന്വേഷണ ആസ്ഥാനത്തുമാണ് ആക്രമിച്ചതെന്നും അതിന്റെ ഭാഗമായി സംഭവിച്ച ചെറിയ നാശനഷ്ടമേ ആശുപത്രിക്കുള്ളൂവെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവിവ്, ഹൈഫ, ഗുഷ്ദാന്‍, ഹോലോണ്‍, തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച 47 പേര്‍ക്ക് കൂടി പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം.

അതിനിടെ ഇസ്രായേലിനെതിരെ വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് നല്‍കി. ഹൈഫ, തെല്‍ അവീവ് നഗരങ്ങളിലെ സൈനിക, ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്നുംമാണ് ഇറാന്റെ മുന്നറിയിപ്പ്. കാര്‍മല്‍, ഹൈഫ ബേ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇസ്രായേലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇല്ലായ്മ ചെയ്യുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധത്തില്‍ അമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനുള്ള ശ്രമം ഇസ്രായേല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനെതിരെ അമേരിക്കയില്‍ പ്രതിഷേധമുണ്ട്. അമേരിക്ക ഇടപെട്ടാല്‍ പ്രത്യാഘാതം മാരകമായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെ ആക്രമിക്കുന്ന സാഹസത്തിന് അമേരിക്ക മുതിരരുതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

വ്യാഴാഴ്ച ഇറാനിലെ അരാക്ക് ആണവനിലയത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ആണവായുധ നിര്‍മാണത്തിനുള്ള പ്ലൂട്ടോണിയം സമ്പുഷ്ടീകരിക്കുന്നത് ഇവിടെയാണെന്ന് ആരോപിച്ചാണ് ഘനജല റിയാക്ടര്‍ ആക്രമിച്ചത്.

അതേസമയം, വെടിനിര്‍ത്തലിനുള്ള നയതന്ത്ര പരിശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വെള്ളിയാഴ്ച ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചശേഷവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിമായി പലവട്ടം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍, ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അറഗ്ചി സ്വീകരിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണില്‍ സംസാരിച്ചു. ഇസ്രയേലിനെയാണു ജര്‍മനി പിന്തുണയ്ക്കുന്നതെങ്കിലും ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേര്‍ട്‌സ് പറഞ്ഞു. നാളെ തുര്‍ക്കിയിലെ ഇസ്തംബുളില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി) യോഗത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി പങ്കെടുക്കും.