കൊളംബിയ: 'കൊക്കെയ്ൻ ഹിപ്പോകൾ' എന്നറിയപ്പെടുന്ന ഹിപ്പൊപൊട്ടാമസുകഴുടെ വംശവർധനവിനെ തുടർന്ന് പരിസ്ഥിതിക്കുണ്ടായ ഭീഷണിയെ നേരിടാൻ കൊളംബിയ സർക്കാർ കടുത്ത നടപടിയിലേക്ക്. 'കൊക്കെയ്ൻ ഹിപ്പോകൾ' എന്നറിയപ്പെടുന്ന ഇവയിൽ ഏകദേശം 80 എണ്ണത്തിനെ കൊന്നൊടുക്കാനുള്ള പദ്ധതിയാണ് അധികൃതർ പരിഗണിക്കുന്നത്.
ഇവയുടെ എണ്ണം നിയന്ത്രിക്കാൻ മുമ്പ് നടത്തിയ ശ്രമങ്ങൾ ഫലപ്രദമായില്ലെന്നാണ് പരിസ്ഥിതി മന്ത്രി ഐറീന് വെലസ് വ്യക്തമാക്കിയത്. ഹിപ്പോകളെ വന്ധ്യംകരിക്കൽ, മറ്റ് രാജ്യങ്ങളിലെ മൃഗശാലകളിലേക്ക് മാറ്റൽ തുടങ്ങിയ മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും, ചെലവ് കൂടുതലും ഫലം കുറഞ്ഞതുമായിരുന്നു. 'ഇപ്പോൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇവയുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ല. പരിസ്ഥിതി സംരക്ഷിക്കാൻ ഇത് അനിവാര്യമാണ്,' എന്നും മന്ത്രി പറഞ്ഞു.
1980കളിൽ സ്വകാര്യ മൃഗശാല സ്ഥാപിക്കാൻ പ്രശസ്ത മയക്കുമരുന്ന് കച്ചവടക്കാരനായ പാബ്ലോ എസ്‌കോബാർ തന്റെ സ്വകാര്യ മൃഗശാലയിൽ വളർത്താൻ ആഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന നാല് ഹിപ്പോകളിൽ നിന്നാണ് ഇന്നത്തെ വലിയ സംഖ്യ രൂപപ്പെട്ടത്. ഹാസിയെൻഡ് നാപോൾസ് എന്ന വൻ ഫാമിലായിരുന്നു ഇവയെ ആദ്യം പാർപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ഇവ നിയന്ത്രണാതീതമായി പെറ്റുപെരുകി മറ്റിടങ്ങളിലുമായി. ഇപ്പോൾ മഗ്ദലേന നദീതടം ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇവയെ കാണാം.
ആഫ്രിക്കയ്ക്ക് പുറത്ത് സ്വാഭാവികമായി ഹിപ്പോകൾ കാണപ്പെടാത്തതിനാൽ, ഇവയെ കൊളംബിയ 'ആക്രമണ സ്വഭാവമുള്ള ജീവിവർഗം' (invasive species) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിദത്ത ശത്രുക്കൾ ഇല്ലാത്തതിനാൽ ഇവയുടെ എണ്ണം വേഗത്തിൽ വർധിച്ചു. നാട്ടിലെ കർഷകരുടെ കൃഷിയിടങ്ങളും ജലസ്രോതസ്സുകളും ഇവ നശിപ്പിക്കുന്നതായും അധികൃതർ പറയുന്നു.
ഹിപ്പോകൾ വലിയ തോതിൽ പുല്ല് ഉപഭോഗിക്കുകയും മലമൂത്രം വഴി ജലമലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിലൂടെ നദികളിലെ മീനുകൾ, ആമകൾ തുടങ്ങിയ ജലജീവികൾക്ക് ഭീഷണിയുണ്ടാകുന്നു. പരിസ്ഥിതിയുടെ സ്വാഭാവിക തുല്യത തന്നെ ഇത് തകർക്കുന്നുവെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേസമയം, ഹിപ്പോകൾ വിനോദസഞ്ചാര ആകർഷണമായും മാറിയിട്ടുണ്ട്. ഹിപ്പോ കാണൽ ടൂറുകളും അനുബന്ധ വസ്തുക്കളും നാട്ടുകാർക്ക് വരുമാന മാർഗമാണ്. എന്നാൽ ജീവികളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ മൃഗാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സെനറ്ററും മൃഗാവകാശ പ്രവർത്തകയുമായ ആൻഡ്രിയ പാഡില്ല 'ക്രൂരമായ നടപടി' എന്നാണ് സർക്കാർ നീക്കത്തെ വിമർശിച്ചത്.
പരിസ്ഥിതി സംരക്ഷണവും ജീവജാല സംരക്ഷണവും തമ്മിലുള്ള സംഘർഷം ഉയർത്തുന്ന വിഷയമായി ഈ തീരുമാനം മാറിയിരിക്കുകയാണ്.
പരിസ്ഥിതിക്ക് വൻ ഭീഷണി; കൊളംബിയയിലെ 'കൊക്കെയ്ൻ ഹിപ്പോകളെ' കൊന്നൊടുക്കാൻ തീരുമാനം
