ബീജിംഗ്: അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ചൈനീസ് സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് വീഡിയോയെ തുടര്‍ന്ന് രാജ്യത്തുള്ള വിദേശ ചാരപ്രവര്‍ത്തനങ്ങളെ ശക്തമായി ചെറുക്കുമെന്ന് ചൈന പ്രഖ്യാപിച്ചു. സി ഐ എയുടെ ശ്രമം രാഷ്ട്രീയ പ്രകോപനമാണെന്നും വാഷിങ്ടണ്‍ ചൈനീസ് സര്‍ക്കാരിനെ ദുഷ്പ്രചാരണത്തിന് വിധേയമാക്കുകയാണെന്നും ബീജിംഗ് ആരോപിച്ചു.
ചൈന വിരുദ്ധ വിദേശ ശക്തികളുടെ കയറ്റം, തകര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ശക്തമായി ചെറുക്കാനും ദേശീയത, സുരക്ഷ, വികസന താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കാനുമായി ആവശ്യമായ എല്ലാ നടപടികളും ചൈന സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി.
'ദ റീസണ്‍ ടു സ്റ്റെപ്പ് ഫോര്‍വേഡ്: ടു സേവ് ദ ഫ്യൂച്ചര്‍' എന്ന പേരിലുള്ള വീഡിയോ സി ഐ എ യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് പുറത്തിറക്കിയത്. ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് നയിക്കുന്ന അഴിമതി വിരുദ്ധ പ്രചാരണത്തിനിടെ രാജ്യത്ത് രാഷ്ട്രീയ- സൈനിക മാറ്റങ്ങള്‍ നടക്കുന്നതിനിടെയാണ് വീഡിയോ പുറത്തിറങ്ങിയത്.
വീഡിയോയില്‍ സൃഷ്ടിച്ചെടുത്ത ഒരു മധ്യനിര പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) ഉദ്യോഗസ്ഥന്‍, ഉന്നത നേതൃത്വത്തിലെ അഴിമതിയും സ്വാര്‍ഥതയും കാരണം നിരാശനാകുന്നതായി ചിത്രീകരിക്കുന്നു. രാജ്യത്തെയും കുടുംബത്തെയും 'ഭ്രാന്തന്‍ നേതാക്കളില്‍ നിന്ന്' രക്ഷിക്കാന്‍ സി ഐ എയെ സമീപിക്കുന്നത് ദേശസ്‌നേഹപരമായ നടപടി ആണെന്ന് വീഡിയോ നിര്‍ദ്ദേശിക്കുന്നു.
ഗ്രേറ്റ് ഫയര്‍വാള്‍ മറികടക്കുന്നതിനായി ടോര്‍ നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ വിച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിച്ച് സി ഐ എയെ എങ്ങനെ ബന്ധപ്പെടാമെന്ന സാങ്കേതിക നിര്‍ദ്ദേശങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ചൈനയില്‍ ഉയര്‍ന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം ശക്തമായിരിക്കുകയാണ്. മുതിര്‍ന്ന ജനറല്‍മാര്‍ക്കെതിരെ ശാസനലംഘന കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര കലഹാവസ്ഥ അസന്തുഷ്ടരായ ഉദ്യോഗസ്ഥരെ ചേര്‍ത്തെടുക്കാന്‍ അവസരം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുണ്ട്.
ഇത് ആദ്യമായല്ല സി ഐ എ ഇത്തരമൊരു പ്രചാരണവുമായി എത്തുന്നത്. 2025ന്റെ തുടക്കത്തില്‍ തന്നെ മാന്‍ഡറിന്‍ ഭാഷയില്‍ സമാനമായ വീഡിയോ ഏജന്‍സി പുറത്തിറക്കിയിരുന്നു. അന്ന് ചൈനയെ ഏറ്റവും പ്രധാന ഇന്റലിജന്‍സ് മുന്‍ഗണനയായി കാണുന്നുവെന്ന് സി ഐ എ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.
