ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ക്രൈസ്തവ അമ്മയും മകളും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ക്രൈസ്തവ അമ്മയും മകളും കൊല്ലപ്പെട്ടു


ഗാസ സിറ്റി: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ക്രൈസ്തവ അമ്മയും മകളും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് ക്രൈസ്തവ സ്ത്രീകള്‍ കൊല്ലപ്പെട്ടതില്‍ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തിയ ജറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല, സംഭവത്തെ ദാരുണം എന്നാണ് വിശേഷിപ്പിച്ചത്.

റമാല്‍ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ടായ ആക്രമണത്തിലാണ് മൈസ അബു ദാവൂദും മകള്‍ മേരി അല്‍ നജ്ജാറും ഉള്‍പ്പെടെ അഞ്ച് പാലസ്തീനികള്‍ കൊല്ലപ്പെട്ടത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഹമാസുമായി നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നതിന്റെ ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്കും ഗാസയിലെ ക്രൈസ്തവ സമൂഹത്തിനും പാത്രിയാര്‍ക്കീസ് അനുശോചനം രേഖപ്പെടുത്തി.

ഗാസ സിറ്റിയിലെ പഴയ നഗരത്തിലുള്ള സെന്റ് പോര്‍ഫിറിയസ് പള്ളിയില്‍ ഇരുവരുടെയും സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.

ഗാസ സിറ്റിയില്‍ നിന്നുള്ള പാലസ്തീന്‍ ക്രൈസ്തവരായ മൈസയും മേരിയും വിശ്വാസികള്‍ക്കും ഹോളി ഫാമിലി പള്ളിയില്‍ അഭയം തേടിയിരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും സഹായം നല്‍കുന്നതില്‍ സജീവമായിരുന്നുവെന്ന് പാലസ്തീന്‍ ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഫോര്‍ ചര്‍ച്ച് അഫയേഴ്സ് അറിയിച്ചു.

കമ്മിറ്റി ചെയര്‍മാന്‍ റംസി ഖൗരി ഇരുവരുടെയും മരണം കുടുംബങ്ങള്‍ക്കും പള്ളിക്കും വിശ്വാസികള്‍ക്കും വേദനാജനകമായ നഷ്ടം ആണെന്ന് പറഞ്ഞു.

മേരിയുടെ 14കാരനായ മകന്‍ ഫുവാദ് അല്‍ നജ്ജാര്‍ ആക്രമണം പുലര്‍ച്ചെ ഏകദേശം 1.30ഓടെയാണ് ഉണ്ടായതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തന്റെ മുത്തശ്ശിയും അമ്മയും മരിച്ചുവെന്നും ദൈവം അവരോട് കരുണ കാണിക്കട്ടെയെന്നും ഫുവാദ് പറഞ്ഞു. 

പാലസ്തീനികള്‍ക്ക് ദിവസേന പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയാണെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഈ യുദ്ധത്തില്‍ ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. വളരെയധികം സഹിച്ചു. ഏകദേശം മൂന്ന് വര്‍ഷമായി ഒരേ നാശവും ദുഃഖവും യുദ്ധവുമാണ് ഞങ്ങള്‍ അനുഭവിക്കുന്നത്,' ഫുവാദ് പറഞ്ഞു.

റാമല്ലയില്‍ സേവനം അനുഷ്ഠിക്കുകയും ബെത്ലഹേം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാലസ്തീന്‍ ലൂഥറന്‍ പാസ്റ്റര്‍ മുന്‍തര്‍ ഐസക് സമൂഹമാധ്യമമായ എക്സില്‍ ഗാസയില്‍ വംശഹത്യ തുടരുകയാണ് എന്ന് പ്രതികരിച്ചു.

ഗാസയിലെ ക്രൈസ്തവ സമൂഹം കുറയുന്നു

ഗാസ മുനമ്പില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍ ഉള്ളതെന്നാണ് കണക്ക്. യുദ്ധത്തിന് മുമ്പുതന്നെ ചെറിയ സമൂഹമായിരുന്ന ഇവരില്‍ നിരവധി പേര്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തിനിടെ വീടുകള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2023 ഒക്ടോബര്‍ 19ന് സെന്റ് പോര്‍ഫിറിയസ് പള്ളി വളപ്പില്‍ ഉണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് മാസത്തിന് ശേഷം ഗാസയിലെ ഹോളി ഫാമിലി പള്ളി വളപ്പിനുള്ളില്‍ ഒരു സ്ത്രീയെയും മകളെയും ഇസ്രയേല്‍ സ്‌നൈപ്പര്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി ജറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ആരോപിച്ചിരുന്നു.

2025 ജൂലൈ 17ന് ഹോളി ഫാമിലി കത്തോലിക്കാ പള്ളി വളപ്പില്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളി വികാരി ഫാദര്‍ ഗബ്രിയേല്‍ റൊമനെല്ലിയും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിരുന്നു.

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 74,228 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം മാത്രം കുറഞ്ഞത് 1,445 പേര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.