ടോക്യോ: തായ്‌വാനിനെ ചൊല്ലിയുള്ള ചൈന- ജപ്പാൻ നയതന്ത്ര പ്രശ്നത്തിനിടെ തായ്വാനു സമീപം ചൈനീസ് ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് ജപ്പാൻ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയതായി അറിയിച്ചു. തായ്‌വാന് സമീപത്തെ യോനഗുനിയിലേക്കുള്ള മിസൈൽ വിന്യാസം സംബന്ധിച്ച ടോക്കിയോയുടെ നീക്കം ബീജിങ്ങിനെ പ്രകോപിപ്പിച്ച സാഹചര്യത്തിലാണ് സംശയാസ്പദമായ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
ചൈനീസ് ആണെന്ന് കരുതുന്ന മനുഷ്യ രഹിത വിമാനം സ്ഥിരീകരിച്ചതായി ജപ്പാന്റെ പ്രതിരോധ മന്ത്രാലയം എക്സിൽ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ തായ്‌വാൻ വിഷയത്തെ കുറിച്ച് ടെലിഫോൺ സംഭാഷണം നടത്തിയത്. തായ്‌വാൻ ചൈനയുടെമ ഭാഗമാകുന്നത്' യുദ്ധാനന്തര അന്താരാഷ്ട്ര ക്രമത്തിന്റെ നിർണായക ഘടകമാണെന്ന് ഷി വ്യക്തമാക്കി. ലോക മഹായുദ്ധത്തിൽ ഫാസിസത്തിനും സൈനികത്വത്തിനും എതിരെ അമേരിക്കയും ചൈനയും ഒറ്റക്കെട്ടായി പോരാടിയെന്നും അവർക്കിപ്പോഴും ആ വിജയഫലങ്ങൾ സംരക്ഷിക്കാൻ ചേർന്ന് പ്രവർത്തിക്കണമെന്നും ഷിയുടെ വാക്കുകൾ ഉദ്ധരിച്ച് ഷിൻഹ്വ റിപ്പോർട്ട് ചെയ്തു.
ഇതിന് പിന്നാലെ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി ടോക്കിയോയെ ശക്തമായി വിമർശിച്ചു. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനായെ തകായിച്ചിയുടെ പ്രസ്താവനകൾ അതിരുകടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും യുദ്ധാനന്തര നേട്ടങ്ങളും സംരക്ഷിക്കാൻ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും വാങ് യി പറഞ്ഞു.
തായ്‌വാൻ വിഷയത്തിൽ സൈനിക ഇടപെടലിന് ശ്രമിക്കുന്നെന്ന തെറ്റായ സന്ദേശം നൽകുകയും പറയരുതായിരുന്ന കാര്യങ്ങൾ പറയുകയും ചെയ്യുന്നത് ഞെട്ടിക്കുന്നതാണെന്നും തൊടാൻ പാടില്ലാത്ത അതിരിലാണ് ജപ്പാന്റെ ഇപ്പോഴത്തെ ഭരണാധികാരി കടന്നുകടന്നതെന്നും വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ വാങ് ചൂണ്ടിക്കാട്ടി.
ഇതിനിടെ, ജപ്പാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിന് യോഗ്യമല്ലെന്ന് നവംബർ 19-ന് ചൈന അവകാശപ്പെട്ടു. ജപ്പാന് അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വഹിക്കാൻ കഴിവില്ലെന്നാണ് വിദേശകാര്യമന്ത്രി മാവോ നിംഗ് പറഞ്ഞത്. തായ്‌വാൻ സംബന്ധിച്ച് ജപ്പാൻ പ്രധാനമന്ത്രി തകായിച്ചിയുടെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വിമർശനം.
