അപൂർവ ധാതുക്കളിൽ ചൈന പിടിമുറുക്കുന്നു; അമേരിക്കൻ പ്രതിരോധ-ചിപ്പ് വ്യവസായങ്ങൾ സമ്മർദ്ദത്തിൽ

അപൂർവ ധാതുക്കളിൽ ചൈന പിടിമുറുക്കുന്നു; അമേരിക്കൻ പ്രതിരോധ-ചിപ്പ് വ്യവസായങ്ങൾ സമ്മർദ്ദത്തിൽ


ബിജിംങ്:   അപൂർവ ധാതുക്കളുടെ വിതരണ ശൃംഖലയിലെ ചൈനയുടെ ആധിപത്യം അമേരിക്കൻ പ്രതിരോധ, സെമികണ്ടക്ടർ മേഖലകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. പ്രത്യേകിച്ച് 'ഹെവി റെയർ എർത്ത്' വിഭാഗത്തിൽപ്പെടുന്ന ചില ധാതുക്കളുടെ ക്ഷാമം ഗുരുതരമാകുന്നതായാണ് റിപ്പോർട്ടുകൾ.

റോയിറ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, അമേരിക്കൻ വ്യോമയാനചിപ്പ് നിർമ്മാണ കമ്പനികൾക്ക് ആവശ്യമായ വൈട്രിയം , സ്‌കാൻഡിയം പോലുള്ള അപൂർവ ധാതുക്കളുടെ ലഭ്യത കുറഞ്ഞു. ഇതോടെ ചില വിതരണക്കാർക്ക് ആവശ്യക്കാരെ നിരസിക്കേണ്ടി വന്നതായും റിപ്പോർട്ട് പറയുന്നു.
വൈട്രിയവും സ്‌കാൻഡിയവും 'ഹെവി റെയർ എർത്ത്' വിഭാഗത്തിൽപ്പെടുന്നവയാണ്. ഡിസ്‌പ്രോസിയം, ടെർബിയം തുടങ്ങിയ ധാതുക്കളും ഈ വിഭാഗത്തിലുണ്ട്. ഇവ ഉയർന്ന പ്രകടന ശേഷിയുള്ള വ്യോമയാന ഉപകരണങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, പ്രത്യേക കോട്ടിംഗുകൾ, അതിവിശേഷ ഘടകങ്ങൾ എന്നിവ നിർമ്മിക്കാൻ നിർണായകമാണ്.

സെമികണ്ടക്ടർ മേഖലയിലെ അടുത്ത തലമുറ 5ജി ചിപ്പുകൾ ഉൾപ്പെടെ ആധുനിക ഘടകങ്ങളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. സ്‌കാൻഡിയത്തിന്റെ കുറവ് അടുത്ത തലമുറ ചിപ്പ് നിർമ്മാണത്തെ തന്നെ ബാധിക്കാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.
നിർണായക ധാതുക്കളുമായി ബന്ധപ്പെട്ട വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2025 ഏപ്രിലിൽ ചൈന ഇടത്തരം, ഹെവി റെയർ എർത്ത് വിഭാഗങ്ങളിലെ ചില ധാതുക്കൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ വിദേശ കയറ്റുമതി ഗണ്യമായി കുറഞ്ഞു.

ചൈനീസ് കസ്റ്റംസ് കണക്കുകൾ പ്രകാരം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷമുള്ള എട്ട് മാസത്തിനിടെ അമേരിക്ക വൈട്രിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തത് വെറും 17 ടൺ മാത്രമാണ്. നിയന്ത്രണങ്ങൾക്ക് മുൻപുള്ള എട്ട് മാസങ്ങളിൽ ഇത് 333 ടൺ ആയിരുന്നു.

റെയർ എർത്ത് വിതരണ ശൃംഖലയിൽ ചൈനയുടെ നിയന്ത്രണം അമേരിക്കൻ വ്യോമയാന, പ്രതിരോധ മേഖലകൾക്ക് തന്ത്രപ്രധാനമായ ദൗർബല്യം സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോർട്ട്. എവിയോണിക്‌സ് സംവിധാനങ്ങൾ, ജെറ്റ് എൻജിനുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ ധാതുക്കൾ നിർണായകമാണ്.

അതേസമയം ഇപ്പോൾവരെ ജെറ്റ് എൻജിൻ അല്ലെങ്കിൽ ചിപ്പ് നിർമ്മാണം പൂർണമായും നിലച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും ചില നിർമാതാക്കൾക്ക് 'നേരിട്ടുള്ള ക്ഷാമം' നേരിടേണ്ടി വരുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥർ സമ്മതിച്ചു.

ചൈനയുടെ പട്ടികയിൽ കൂടുതൽ ധാതുക്കൾ

അമേരിക്കൻ താരിഫുകളും സാങ്കേതിക നിയന്ത്രണങ്ങളും ശക്തമായതോടെ, ചൈന റെയർ എർത്ത് കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഹോൾമിയം , എർബിയം , തുലിയം , യൂറോപിയം, യിറ്റർബിയം  തുടങ്ങിയ ധാതുക്കളെയും ഉൾപ്പെടുത്തി.

വിതരണ ശൃംഖലയിലും ചൈനയുടെ ആധിപത്യം

ആഗോള റെയർ എർത്ത് ഖനന ഉൽപാദനത്തിൽ 60 മുതൽ 70 ശതമാനം വരെ പങ്ക് ചൈനക്കാണെന്നാണ് കണക്കുകൾ. ശുദ്ധീകരണവും പ്രോസസ്സിംഗും ഉൾപ്പെടെ വിതരണ ശൃംഖലയിലെ ഏകദേശം 90 ശതമാനം ശേഷിയും ചൈനയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ഉയർന്ന ശുദ്ധിയുള്ള ധാതുക്കൾക്ക് മറ്റ് രാജ്യങ്ങൾ ചൈനയെ മറികടക്കുന്നത് ബുദ്ധിമുട്ടാണ്.

പർമനന്റ് മാഗ്‌നറ്റുകളുടെ ആഗോള ഉൽപാദനത്തിലും ചൈനയ്ക്ക് വൻ പങ്കുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടികൾ, വ്യോമയാന പ്രതിരോധ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഈ മാഗ്‌നറ്റുകൾ അനിവാര്യമാണ്.

അമേരിക്കയുടെ ശ്രമങ്ങൾ

വിതരണ ശൃംഖല വൈവിധ്യമാർന്നതാക്കാൻ അമേരിക്ക ആഭ്യന്തര പദ്ധതികൾക്കും പങ്കാളിത്തങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും, പുതിയ ശുദ്ധീകരണ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകാൻ വർഷങ്ങൾ എടുക്കും. അതിനാൽ ഹെവി റെയർ എർത്ത് മേഖലയിൽ ചൈനയെ ആശ്രയിക്കുന്ന അവസ്ഥ 2030കളിലേക്കും നീളാനിടയുണ്ടെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അപൂർവ ധാതുക്കളെ ചുറ്റിപ്പറ്റിയുള്ള ഈ പിടിമുറുക്കം ഭാവിയിലെ സാങ്കേതിക, പ്രതിരോധ മത്സരത്തിൽ നിർണായകമായി മാറുമെന്ന ആശങ്ക ഉയരുകയാണ്.