ചൈനയുടെ വ്യാപാര മിച്ചം 11 മാസത്തിനിടെ 1.08 ട്രില്യണ്‍ ഡോളറായി

ചൈനയുടെ വ്യാപാര മിച്ചം 11 മാസത്തിനിടെ 1.08 ട്രില്യണ്‍ ഡോളറായി


ബീജിംഗ്: ഈ വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ ചൈനയുടെ വ്യാപാര മിച്ചം 1 ട്രില്യണ്‍ ഡോളര്‍ കടന്നു. രാജ്യത്തിന്റെ കയറ്റുമതിശക്തി പുതിയ ഉയരത്തിലെത്തിയതായി സൂചിപ്പിക്കുന്ന ചരിത്രപരമായ നേട്ടമാണിത്.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജനുവരി മുതല്‍ നവംബര്‍ വരെ ചൈനയുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം വര്‍ധിച്ച് 3.4 ട്രില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 0.6 ശതമാനം കുറഞ്ഞ് 2.3 ട്രില്യണ്‍ ഡോളറായി. ഇതോടെ വ്യാപാര മിച്ചം 1.08 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുയര്‍ന്ന ചൈനയുടെ നിരവധി ദശാബ്ദങ്ങളായുള്ള വ്യവസായനയങ്ങളും ശ്രമവും നിറവേറ്റിയ വിജയമാണിത്. 1980- 90കളില്‍ ചൈന ഉല്‍പ്പന്നങ്ങളുടെ 'ലോക ഫാക്ടറി' എന്ന നിലയില്‍ അറിയപ്പെടുന്നതായിരുന്നു. പിന്നീട് ചൈന ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങളിലേക്കും സാങ്കേതികവിദ്യ, ഗതാഗതം, മരുന്നുത്പാദനം, ഉപഭോക്തൃവസ്തുക്കള്‍ തുടങ്ങി മേഖലകളിലേക്കും വ്യാപിച്ചു.

സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചിപ്പുകള്‍ എന്നിവയില്‍ ചൈനീസ് കമ്പനികള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്.

ചൈനീസ് നേതാവ് ഷി ജിന്‍പിങുമായി ബീജിംഗിലും ചെംഗ്ഡുവിലും നടന്ന മൂന്നു ദിവസത്തെ സൗഹൃദ ഉച്ചകോടി യോഗങ്ങള്‍ അവസാനിപ്പിച്ച് നാട്ടിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൈനീന്‍ മുന്നേറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം യൂറോപ്പ് ശക്തമായ നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഫ്രഞ്ച് ദിനപത്രമായ ലെ എക്കോസിനോട് അദ്ദേഹം പറഞ്ഞത് അമേരിക്ക ചെയ്തതുപോലെ യൂറോപ്യന്മാര്‍ക്കും ഉടന്‍ തന്നെ കടുത്ത നടപടികള്‍ എടുക്കേണ്ടി വരുമെന്നും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നതുള്‍പ്പെടെ നിര്‍വഹിക്കേണ്ടി വരുമെന്നുമാണ്. 

യൂറോപ്യന്‍ വ്യവസായ- നവോഥാന മാതൃകയുടെ മജ്ജയെയാണ് ചൈന ബാധിക്കുന്നതെന്നും മാക്രോണ്‍ പറഞ്ഞു.

ഈ വര്‍ഷം ചൈനീസ് യുവാന്‍ യൂറോയോട് താരതമ്യത്തില്‍ ഏകദേശം 10 ശതമാനം മൂല്യം നഷ്ടപ്പെട്ടതും ഫ്രഞ്ച് അധികാരികള്‍ക്ക് വലിയ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്.

ചൈനയുടെ വ്യവസായ ശക്തി അതിന്റെ വ്യാപാര പങ്കാളികള്‍ക്കിടയില്‍ ഏറെ വിവാദമായിട്ടുള്ള വിഷയമാണ്. കഴിഞ്ഞ വര്‍ഷം ചൈനയുടെ വ്യാപാര മിച്ചം 993 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തലത്തിലായിരുന്നു. ഈ വര്‍ഷം 1 ട്രില്യണ്‍ ഡോളര്‍ കടന്നതോടെ ഈ കയറ്റുമതിയുടെ ഏകപക്ഷീയത കൂടുതല്‍ വ്യക്തമായി.

അമേരിക്കയും യൂറോപ്പും മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളാണ് ഈ വ്യത്യാസം തിരിച്ചടയ്‌ക്കേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജെന്‍സ് എസ്‌കെലന്റ് പറഞ്ഞു.

അമേരിക്ക ഉയര്‍ന്ന തീരുവകള്‍ ഏര്‍പ്പെടുത്തിയിട്ടും ചൈനയുടെ കയറ്റുമതികള്‍ ശക്തമായി മുന്നേറുകയാണ്. ജനുവരിയില്‍ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയ ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനത്തിന് മുകളില്‍ തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് തീരുവ കുറച്ചുവെങ്കിലും ഇപ്പോഴും ശരാശരി 37 ശതമാനം നികുതി നിലവിലുണ്ട്.

അതേസമയം, ചൈന തങ്ങളുടെ കയറ്റുമതി മാര്‍ക്കറ്റുകള്‍ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കായി മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം ആഫ്രിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതി 26 ശതമാനം വര്‍ധിച്ചപ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ളത് 14 ശതമാനവും ലാറ്റിന്‍ അമേരിക്കയിലേക്കുള്ളത് 7.1 ശതമാനവും വര്‍ധിച്ചു.

ഇതിനിടെ, അമേരിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതി നവംബറില്‍ 29 ശതമാനം കുറഞ്ഞെങ്കിലും ആഗോളതലത്തില്‍ ചൈനയുടെ കയറ്റുമതി 5.9 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി 15 ശതമാനം വര്‍ധിച്ചതാണ് ആ വളര്‍ച്ചയ്ക്ക് പ്രധാന കാരണം.

ചൈനീസ് കയറ്റുമതിയുടെ വേഗം അടുത്ത മാസങ്ങളിലും വര്‍ഷങ്ങളിലും കുറയില്ലെന്നാണു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലി പ്രകാരം ചൈനയുടെ ഗ്ലോബല്‍ കയറ്റുമതി പങ്ക് ഇപ്പോഴുള്ള 15 ശതമാനത്തില്‍ നിന്ന് ഈ ദശകാവസാനത്തില്‍ 16.5 ശതമാനമായി ഉയരും.

ഇതുമൂലം യൂറോപ്പില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. വാഹനങ്ങള്‍, സാങ്കേതികവിദ്യ, ആഡംബര ഉത്പന്നങ്ങള്‍ എന്നിവയില്‍ ചൈനീസ് സ്വാധീനം ശക്തമാകുന്നത് ഫ്രാന്‍സും മറ്റും തുറന്ന വിമര്‍ശനത്തിനാണ് വിധേയമാക്കുന്നത്.

ചൈനീസ് യുവാന്റെ മൂല്യം യൂറോക്കെതിരെ 10 ശതമാനം കുറഞ്ഞതും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയാവുകയാണ്.

ലോകമെമ്പാടും ചൈനയ്ക്കെതിരെ വ്യാപാര പ്രതിരോധ നടപടികള്‍ കൂട്ടിവരുന്ന ഒരു പ്രവണതയുണ്ടെന്നും എസ്‌കെലന്റ് പറഞ്ഞു.

ഡോളറിലെ മൂല്യത്തില്‍ ചൈന ആഗോള കയറ്റുമതിയുടെ 15 ശതമാനമാകുമ്പോഴും വോള്യം  അടിസ്ഥാനത്തില്‍ അത് ഏകദേശം 37 ശതമാനമാണെന്നും യൂറോപ്പില്‍ നിന്നും ചൈനയിലേക്കു പുറപ്പെടുന്ന ഒരു കണ്ടെയ്‌നറിന് മറുപുറത്ത് നാലെണ്ണം ചൈനയില്‍ നിന്ന് പുറപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശങ്ക വര്‍ധിച്ചുവരുന്നുവെന്നും കാര്യങ്ങള്‍ പെട്ടെന്ന് തകര്‍ന്നുപോകുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്താനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.