ചൈനയുടെ പരമോന്നത സൈനിക ജനറല്‍ അമേരിക്കയ്ക്ക് ആണവ രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണം

ചൈനയുടെ പരമോന്നത സൈനിക ജനറല്‍ അമേരിക്കയ്ക്ക് ആണവ രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണം


വാഷിംഗ്ടണ്‍: ചൈനയുടെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തുകയും പ്രതിരോധ മന്ത്രിയായി ഒരു ഉദ്യോഗസ്ഥനെ ഉയര്‍ത്തുന്നതുള്‍പ്പെടെ ഔദ്യോഗിക നടപടികള്‍ക്കായി കൈക്കൂലി സ്വീകരിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളാണ് ചൈനയുടെ ഏറ്റവും മുതിര്‍ന്ന സൈനിക ജനറലിനെതിരെ ഉയര്‍ന്നന്നത്. ഉയര്‍ന്നതലത്തില്‍ നടത്തിയ രഹസ്യ ബ്രീഫിങ്ങില്‍ പങ്കെടുത്തവരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്.

ശനിയാഴ്ച രാവിലെ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ബ്രീഫിങ്ങിന് തൊട്ടുമുമ്പാണ് ജനറല്‍ ഷാങ് യൂഷ്യയ്ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ചൈനയുടെ ദേശീയ പ്രതിരോധ മന്ത്രാലയം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ഏറ്റവും വിശ്വസ്തനായ സൈനിക കൂട്ടാളിയെന്ന നിലയില്‍ കണക്കാക്കപ്പെട്ടിരുന്ന വ്യക്തിയാണ് ഷാങ് യൂഷ്യ. പാര്‍ട്ടി ശാസനയും രാജ്യനിയമങ്ങളും ഗുരുതരമായി ലംഘിച്ചെന്ന ആരോപണം മാത്രമാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, പാര്‍ട്ടി ഐക്യം തകര്‍ക്കുന്ന തരത്തില്‍ സ്വാധീന ശൃംഖലകള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനും സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ (സി എം സി) എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സൈനിക തീരുമാനസംവിധാനത്തിനുള്ളില്‍ അധികാരം ദുരുപയോഗം ചെയ്തതിനും ഷാങ് അന്വേഷണവിധേയനായതെന്നാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ബ്രീഫിങ്ങിനെ കുറിച്ച് ധാരണയുള്ളവര്‍ വ്യക്തമാക്കുന്നത്.  

സൈനിക ഉപകരണങ്ങളുടെ ഗവേഷണം, വികസനം, വാങ്ങല്‍ എന്നിവ നിര്‍വഹിക്കുന്ന ശക്തമായ ഏജന്‍സിയുടെ മേല്‍നോട്ടത്തിലും അദ്ദേഹത്തിന്റെ പങ്ക് പരിശോധിക്കുകയാണ്. വന്‍ ബജറ്റുള്ള ഈ വാങ്ങല്‍ സംവിധാനത്തിലൂടെ ഔദ്യോഗിക സ്ഥാനക്കയറ്റങ്ങള്‍ക്കായി വലിയ തുകകള്‍ കൈപ്പറ്റിയെന്ന ആരോപണവും ബ്രീഫിങ്ങില്‍ ഉയര്‍ന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അടച്ചിട്ട ബ്രീഫിങ്ങില്‍ പുറത്തുവന്ന ഏറ്റവും ഞെട്ടിക്കുന്ന ആരോപണം ചൈനയുടെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ അമേരിക്കയ്ക്ക് ഷാങ് ചോര്‍ത്തിയെന്നതാണ്.

ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പറേഷന്റെ മുന്‍ ജനറല്‍ മാനേജര്‍ ഗു ജൂണില്‍ നിന്നാണ് ഷാങിനെതിരായ ചില തെളിവുകള്‍ ലഭിച്ചതെന്നും ബ്രീഫിങ്ങിനെക്കുറിച്ച് ബന്ധമുള്ളവര്‍ പറഞ്ഞു. സിവിലിയന്‍- സൈനിക ആണവ പദ്ധതികളുടെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്ന ഈ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥനായ ഗുവിനെതിരെ പാര്‍ട്ടി ശാസനയും രാജ്യനിയമങ്ങളും ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച ബീജിംഗ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഗുവിനെതിരായ അന്വേഷണത്തില്‍ ചൈനയുടെ ആണവ മേഖലയിലുണ്ടായ സുരക്ഷാ ചോര്‍ച്ചയുമായി ഷാങിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതായി ശനിയാഴ്ചത്തെ ബ്രീഫിങ്ങില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ ബ്രീഫിങ്ങില്‍ പുറത്തുവിട്ടിട്ടില്ല.

75 വയസ്സുള്ള ഷാങില്‍ നിന്നോ ഗുവില്‍ നിന്നോ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല. അഴിമതിക്കെതിരായ പൂര്‍ണ പരിരക്ഷയുള്ള സഹിഷ്ണുതയില്ലാത്ത സമീപനം നേതൃത്വം നിലനിര്‍ത്തുന്നുവെന്നതിന് ഷാങിനെതിരായ അന്വേഷണം തെളിവാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ പ്രസ്താവനയില്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസിയിലെ വക്താവ് ലിയു പെങ്യു പറഞ്ഞു.

സൈന്യത്തിലെ അഴിമതിക്കും അവിശ്വാസത്തിനുമെതിരായ ഷി ജിന്‍പിംഗിന്റെ പുതിയ നടപടികള്‍ മാവോ സെതുങ് കാലത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക നേതൃത്വ പുന:സംഘടനയാണെന്ന് ചില വിശകലനക്കാര്‍ അഭിപ്രായപ്പെടുന്നു.

ഷിയെയും പോലെ പാര്‍ട്ടിയുടെ ഉന്നത പൊളിറ്റ്ബ്യൂറോ അംഗമായ ഷാങും പ്രിന്‍സ്ലിങ് വിഭാഗത്തില്‍പ്പെടുന്നയാളാണ്. വിപ്ലവകാല നേതാക്കളുടെയും ഉയര്‍ന്നതല പാര്‍ട്ടി ഉദ്യോഗസ്ഥരുടെയും സന്തതികള്‍ക്ക് നല്‍കുന്ന വിശേഷണമാണ് പ്രിന്‍സ്ലിങ് എന്നത്. 1949ല്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്ത ചൈനീസ് ആഭ്യന്തര യുദ്ധകാലത്ത് ഷിയുടെ പിതാവിനൊപ്പം ഷാങിന്റെ പിതാവും പോരാടുകയും പിന്നീട് ഇരുവരും ഉന്നത പദവികളിലെത്തുകയും ചെയ്തു. 

ചൈനീസ് സൈന്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത നടപടിയാണിതെന്നും ഉന്നത കമാന്‍ഡിന്റെ പൂര്‍ണമായ തകര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ചൈന സ്ട്രാറ്റജീസ് ഗ്രൂപ്പിന്റെ തലവന്‍ ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ പറഞ്ഞു.

മുന്‍ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിന്റെ സ്ഥാനക്കയറ്റവുമായി ഷാങിന്റെ വീഴ്ച ബന്ധിപ്പിക്കുന്ന വിവരങ്ങളും ബ്രീഫിങ്ങില്‍ ഉള്‍പ്പെട്ടിരുന്നു. വന്‍ കൈക്കൂലിക്ക് പകരമായി ലിയെ ഉയര്‍ത്താന്‍ ഷാങ് സഹായിച്ചുവെന്നാണ് ആരോപണം. 2023ല്‍ പൊതുസമൂഹത്തില്‍ നിന്ന് അപ്രത്യക്ഷനായ ലിയെ പിന്നീട് പ്രതിരോധ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയിരുന്നു. അടുത്ത വര്‍ഷം അഴിമതിക്കാരണമാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

2007 മുതല്‍ 2012 വരെ ഷാങ് ഷെന്‍യാങ് സൈനിക മേഖലയുടെ കമാന്‍ഡറായിരുന്ന കാലയളവിനെക്കുറിച്ച് അന്വേഷണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ ഷി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബ്രീഫിങ്ങിനെക്കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞു. ഈ സംഘം വടക്കുകിഴക്കന്‍ നഗരമായ ഷെന്‍യാങില്‍ എത്തി സൈനിക താവളങ്ങള്‍ക്ക് പകരം പ്രാദേശിക ഹോട്ടലുകളിലാണ് താമസമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഷാങിനോടും ജോയിന്റ് സ്റ്റാഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായ ജനറല്‍ ലിയു ഷെന്‍ലിയോടും അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് മൊബൈല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ലിയുവിനെതിരെയും ശനിയാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഷാങിന്റെയും ലിയുവിന്റെയും വീഴ്ച, അഴിമതിയും രാഷ്ട്രീയ അവിശ്വാസവും ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനുള്ള ഷിയുടെ വര്‍ഷങ്ങളായുള്ള ശ്രമം വ്യാപിപ്പിക്കുന്നു.

ഷിയുടെ അടുത്ത സുഹൃത്തായിരുന്ന ഷാങിനെ പോലും പുറത്താക്കിയ നടപടി അഴിമതിവിരുദ്ധ നീക്കങ്ങളില്‍ ഇനി യാതൊരു പരിധിയും ഇല്ലെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ രാഷ്ട്രീയ സംവിധാനം അപ്രത്യക്ഷത നിറഞ്ഞതായതിനാല്‍ ദീര്‍ഘകാല സഖാവിനെ നീക്കം ചെയ്തതിനു പിന്നിലെ ഷിയുടെ യഥാര്‍ഥ ലക്ഷ്യം കൃത്യമായി മനസ്സിലാക്കുക പ്രയാസകരമാണെന്നും വിശകല രംഗത്തുള്ളവര്‍ പറയുന്നു. എന്നിരുന്നാലും, പി എല്‍ എ ഡെയിലി പത്രത്തിലെ എഡിറ്റോറിയല്‍ സി എം സി ചെയര്‍മാന്റെ അധികാരത്തിന്റെ സ്ഥാപനാടിസ്ഥാനത്തെ ഗുരുതരമായി തകര്‍ത്തു എന്ന കുറ്റപ്പെടുത്തല്‍ ഉന്നയിച്ചിട്ടുണ്ട്.

തായ്വാന്റെ നിയന്ത്രണം ഉറപ്പാക്കാനുള്ള ലക്ഷ്യത്തിനുള്ളില്‍ അഴിമതിയും രഹസ്യ ചോര്‍ച്ചകളും നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന ശക്തമായ സന്ദേശമാണ് ഷി നല്‍കുന്നതെന്ന് ബ്രീഫിങ്ങിനെക്കുറിച്ച് ധാരണയുള്ളവര്‍ പറയുന്നു. അതേസമയം, ഉന്നത പദവികളില്‍ നേതൃത്വമില്ലായ്മ സൈനിക പ്രവര്‍ത്തനക്ഷമതയെ ബാധിക്കാമെന്നും ചുരുങ്ങിയ കാലയളവില്‍ വലിയ സൈനിക നടപടികളുടെ സാധ്യത കുറയാമെന്നും ചിലര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കരസേന, വ്യോമസേന, നാവികസേന, സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്‌സ്, അര്‍ധസൈനിക പൊലീസ് എന്നിവയുള്‍പ്പെടെ വിവിധ സൈനിക വിഭാഗങ്ങളിലെ 50ലധികം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുകയോ സ്ഥാനമൊഴിയുകയോ ചെയ്തതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കാലാവധിയില്‍ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷനില്‍ ഉണ്ടായിരുന്ന ആറ് പ്രൊഫഷണല്‍ സൈനിക അംഗങ്ങളില്‍ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് സജീവ സേവനത്തിലുള്ളത്. ഉന്നതതലത്തില്‍ നേതൃത്വമില്ലായ്മ പി എല്‍ എയുടെ നിലവിലെ സൈനിക സന്നദ്ധതയെ ബാധിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.