വിവാദങ്ങള്‍ക്ക് വഴി തുറന്ന് ചൈനയുടെ വംശീയ ഐക്യ നിയമം

വിവാദങ്ങള്‍ക്ക് വഴി തുറന്ന് ചൈനയുടെ വംശീയ ഐക്യ നിയമം


ബീജിങ്: രാജ്യത്തിന്റെ വംശീയ ഐക്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശത്തുള്ള വ്യക്തികളെയും സംഘടനകളെയും നിയമപരമായി ഉത്തരവാദികളാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ചൈനയുടെ പുതിയ 'വംശീയ ഐക്യ നിയമം' വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. മാര്‍ച്ചില്‍ പാസാക്കിയ നിയമം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ചൈന അംഗീകരിച്ച 55 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ടിബറ്റന്‍, ഉയ്ഗൂര്‍ സമൂഹങ്ങള്‍ ഉള്‍പ്പെടെ ദേശീയ സ്വത്വം വളര്‍ത്തിയെടുക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി ചൈനീസ് ഭരണത്തിനെതിരെ അസംതൃപ്തി പ്രകടിപ്പിച്ചുവരുന്ന ഈ വിഭാഗങ്ങളിലെ ചിലരുടെ പ്രതിഷേധങ്ങള്‍ ഇടയ്ക്കിടെ അക്രമാസക്തമായ സംഭവങ്ങളിലേക്കും വഴിമാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ചൈനയുടെ വംശീയ ഐക്യത്തെയും പുരോഗതിയെയും തകര്‍ക്കുകയോ വംശീയ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വിദേശത്തുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കാമെന്നതാണ്. ഈ വ്യവസ്ഥയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും തായ്വാന്റെയും ആശങ്കയ്ക്ക് കാരണമായത്.

ചൈനയുടെ ഭാഗമാണെന്ന് ബീജിങ് അവകാശപ്പെടുന്ന തായ്വാനില്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഈ നിയമം അധിക അടിസ്ഥാനമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയ കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശത്തുള്ളവരെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ 'റെഡ് നോട്ടീസ്' സംവിധാനം ചൈന ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം മനുഷ്യാവകാശ സംഘടനകള്‍ മുമ്പും ഉന്നയിച്ചിരുന്നു. പുതിയ നിയമം ഇത്തരം നടപടികള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ബുധനാഴ്ച ബീജിങ്ങില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചൈനയുടെ നീതിന്യായ ഉപമന്ത്രി ഹു വെയ്ലി നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി. വ്യവസ്ഥ ചൈനയുടെ ദേശീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് നിയമതത്വങ്ങള്‍ക്കും അന്താരാഷ്ട്ര രീതികള്‍ക്കും അനുസൃതമാണെന്നും നിയമപരവും നടപ്പാക്കാന്‍ കഴിയുന്നതുമായ വ്യവസ്ഥയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ഐക്യവും സുരക്ഷയും സംരക്ഷിക്കാന്‍ ആഭ്യന്തര നിയമങ്ങള്‍ ഉപയോഗിക്കുന്നത് ലോകത്തിലെ പല രാജ്യങ്ങളുടെയും സാധാരണ രീതിയാണെന്നും ഹു വെയ്ലി ചൂണ്ടിക്കാട്ടി.

വിഘടനവാദ പ്രവര്‍ത്തനങ്ങളും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളും തടയാനും സാമൂഹിക ഐക്യവും ക്രമസമാധാനവും നിലനിര്‍ത്താനും ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശത്തുനിന്ന് വംശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടുകയാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്തിന് പുറത്തുനിന്നുള്ള ഭീഷണികളെ നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ ചെറുക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമത്തിന്റെ വ്യാപ്തി വിദേശ രാജ്യങ്ങളിലെ ചൈനീസ് വിമതര്‍ക്കും തായ്വാന്‍ അനുകൂല പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉപയോഗിക്കപ്പെടുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ശക്തമാകുകയാണ്.