ബീജിങ്: ചൈനയിൽ ജനനനിരക്ക് ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിലയിലെത്തി. 2025 അവസാനം ചൈനയുടെ ആകെ ജനസംഖ്യ 1.405 ബില്യൻ ആയി കുറഞ്ഞതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2024ൽ ഇത് 1.408 ബില്യൻ ആയിരുന്നു. ഇതോടെ തുടർച്ചയായ നാലാം വർഷവും രാജ്യത്ത് ജനസംഖ്യ കുറയുന്ന സ്ഥിതിയാണ് രേഖപ്പെടുത്തിയത്.
2025ൽ രാജ്യത്ത് ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 7.92 മില്യൻ മാത്രമാണ്. 2024ലെ 9.54 മില്യനെക്കാൾ വലിയ ഇടിവാണിത്. ആയിരം പേരിൽ ജനനനിരക്ക് 5.63 ആയി താഴ്ന്നു; മുൻവർഷം ഇത് 6.77 ആയിരുന്നു. 1949ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകൃതമായതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജനനനിരക്കും ജനനസംഖ്യയുമാണിത്.
അതേസമയം, മരണസംഖ്യ 2024ലെ 10.93 മില്യനിൽ നിന്ന് 2025ൽ 11.31 മില്യൻ ആയി ഉയർന്നു. 2022 മുതൽ തന്നെ ചൈനയിൽ മരണങ്ങൾ ജനനങ്ങളെ മറികടന്നിരുന്നു.
2025ലെ വലിയ ഇടിവിന് മുൻവർഷമായ 2024ലെ താരതമ്യേന ഉയർന്ന ജനനനിരക്കും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2024ൽ 'ഡ്രാഗൺ വർഷം' ആയതിനാൽ വിവാഹത്തിനും പ്രസവത്തിനും അനുകൂലമായ വർഷമായി ചൈനീസ് സംസ്‌കാരത്തിൽ കണക്കാക്കപ്പെടുന്നത് ജനനസംഖ്യ താൽക്കാലികമായി ഉയരാൻ കാരണമായിരുന്നു. എന്നാൽ 2024 ഒഴികെ 2017 മുതൽ തന്നെ ജനനനിരക്ക് സ്ഥിരമായി താഴ്ന്നുവരികയായിരുന്നു.
2015ൽ അവസാനിപ്പിച്ച ഏകശിശുനയത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളാണ് ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. ഇതുമൂലം ജനസംഖ്യ വേഗത്തിൽ പ്രായംചേരുകയും, പകരംവയ്ക്കൽ നിരക്കിനേക്കാൾ വളരെ താഴ്ന്ന ജനനനിരക്കിലേക്ക് രാജ്യം വീഴുകയും ചെയ്തു. ഇത് ഭാവിയിലെ സാമ്പത്തിക വളർച്ചയ്ക്കും വെല്ലുവിളിയാകുമെന്ന ആശങ്കയും ശക്തമാണ്.
ജനനനിരക്ക് ഉയർത്താൻ ശിശുസംരക്ഷണ സബ്‌സിഡികൾ ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഈ ഘട്ടത്തിൽ ജനസംഖ്യ കുറയുന്നത് തടയാൻ അവ പര്യാപ്തമല്ലെന്നതാണ് ജനസംഖ്യാ വിദഗ്ധരുടെ വിലയിരുത്തൽ. പല രാജ്യങ്ങളിലും കുടിയേറ്റം ജനസംഖ്യ കുറയുന്നത് പരിഹരിക്കുന്ന ഘടകമാകുമ്പോൾ, ചൈനയിൽ കുടിയേറ്റം ഏറെക്കുറെ ഇല്ലാത്തത് വെല്ലുവിളി കൂടുതൽ ഗൗരവകരമാക്കുന്നു.
ചൈനയിലെ ജനന നിരക്ക് തുടര്‍ച്ചയായി നാലാം വര്‍ഷവും കുത്തനെ കുറഞ്ഞു
