ടോക്യോ: തായ്‌വാനെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിൽ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം വീണ്ടും കടുത്ത സംഘർഷത്തിലേക്ക്. ജപ്പാന്റെ 'പുനർ സൈനികവൽക്കരണം' ചൂണ്ടിക്കാട്ടി ചൈന 40 ജാപ്പനീസ് സ്ഥാപനങ്ങൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി. മറുപടിയായി ടോക്യോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, തായ്‌വാനോട് ചേർന്ന ദ്വീപിൽ മിസൈൽ വിന്യസിക്കുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചു.
ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, 20 കമ്പനികളെ 'കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ഇവയ്ക്ക് ചൈനയിൽ നിന്ന് സിവിൽ-സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന 'ഇരട്ട ഉപയോഗ' ഉൽപ്പന്നങ്ങൾ ലഭിക്കില്ല. കൂടാതെ, അവ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതെങ്കിലും തരത്തിൽ കൈമാറ്റം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി.
പട്ടികയിൽ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് (Mitsubishi Heavy Industries), കവാസാക്കി ഹെവി ഇൻഡസ്ട്രീസ് (Kawasaki Heavy Industries), ഫുജിറ്റ്‌സു (Fujitsu) എന്നിവയുടെ അനുബന്ധ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
മറ്റൊരു 'നിരീക്ഷണ പട്ടിക'യിൽ 20 കമ്പനികളാണ്. ഇവർക്കായി കയറ്റുമതി ചെയ്യാൻ ചൈനീസ് എക്‌സ്‌പോർട്ടർമാർ പ്രത്യേക ലൈസൻസ് അപേക്ഷ, റിസ്‌ക് വിലയിരുത്തൽ റിപ്പോർട്ട്, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന എഴുത്തുപ്രതിജ്ഞ എന്നിവ സമർപ്പിക്കണം. സുബാരു കോർപ്പറേഷൻ (Subaru Corporation), മിത്സുബിഷി മെറ്റീരിയൽസ് കോർപ്പറേഷൻ (Mitsubishi Materials Corporation), ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ടോക്യോ (Institute of Science Tokyo) എന്നിവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
'ജപ്പാന്റെ സൈനിക ശക്തിവൽക്കരണവും ആണവ ലക്ഷ്യങ്ങളും നിയന്ത്രിക്കാനായുള്ള നിയമാനുസൃത നടപടികളാണ് ഇതെന്ന്' ചൈനീസ് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സാധാരണ വ്യാപാരത്തെ ഇത് ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജപ്പാൻ ഉപ കാബിനറ്റ് സെക്രട്ടറി കെഇ സാറ്റോ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനിടെ ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കോഇസുമി (Shinjiro Koizumi) തായ്‌വാനോട് 100 കിലോമീറ്റർ അകലെയുള്ള യോനഗുനി (Yonaguni) ദ്വീപിൽ 2030 സാമ്പത്തിക വർഷത്തോടെ സർഫസ് ടു എയർ മിസൈൽ വിന്യസിക്കുമെന്ന് അറിയിച്ചു. യുദ്ധവിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും തകർക്കാൻ ശേഷിയുള്ള ആയുധങ്ങളായിരിക്കും ഇവ. യോനഗുനിയിൽ ഇതിനകം ജപ്പാൻ സ്വയംരക്ഷ സേനയുടെ കേന്ദ്രമുണ്ട്.
2025 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി സനഎ തകൈച്ചി (Sanae Takaichi) നടത്തിയ പ്രസ്താവനയാണ ് സംഘർഷത്തിന് തുടക്കം കുറിച്ചത്. ചൈന സൈനിക ശക്തിയിലൂടെ തായ്‌വാനെ പൂർണ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചാൽ അത് ജപ്പാന്റെ 'ജീവന് ഭീഷണിവരുന്ന സാഹചര്യം' ആകാമെന്നായിരുന്നു അവരുടേതായ പ്രതികരണം. അത്തരം സാഹചര്യത്തിൽ ജപ്പാൻ സൈനികമായി ഇടപെടാമെന്ന സൂചനയും അവർ നൽകി.
ബെയ്ജിങ് ഇതിനെ പരമാധികാരത്തിന് നേരിട്ടുള്ള വെല്ലുവിളിയെന്നു വിശേഷിപ്പിച്ചു. തുടർന്ന് ചൈന ജാപ്പനീസ് സമുദ്രഭക്ഷ്യ ഇറക്കുമതിക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി യാത്രാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. ഇതോടെ ലക്ഷക്കണക്കിന് വിമാനബുക്കിംഗുകൾ റദ്ദായി. ചൈനീസ് വിനോദസഞ്ചാരികളുടെ ജപ്പാൻ സന്ദർശനം ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇരു രാജ്യങ്ങളും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ തായ്‌വാൻ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള മേഖലാ സുരക്ഷാ സാഹചര്യം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്.
തായ്‌വാൻ വിഷയം: ചൈന-ജപ്പാൻ സംഘർഷം രൂക്ഷം; യോനഗുനിയിൽ മിസൈൽ വിന്യാസം, 40 ജാപ്പനീസ് സ്ഥാപനങ്ങൾക്ക് കയറ്റുമതി നിയന്ത്രണം
