ചൈനക്കിനി ജനസംഖ്യ വര്‍ധിക്കണം; പ്രതിവര്‍ഷം 500 ഡോളര്‍ നല്‍കും

ചൈനക്കിനി ജനസംഖ്യ വര്‍ധിക്കണം; പ്രതിവര്‍ഷം 500 ഡോളര്‍ നല്‍കും


ബീജിംഗ്: രാജ്യത്തെ ജനസംഖ്യ കുറയുന്നതില്‍ ആശങ്കയിലായ ചൈന പുതിയ പദ്ധതികളുമായി രംഗത്ത്. നേരത്തെ കൂടുതല്‍ കുട്ടികളുണ്ടായാല്‍ ശിക്ഷ വിധിച്ചിരുന്ന രാജ്യമാണ് കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടാന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 

ആനുകൂല്യങ്ങള്‍, ക്യാഷ് റിവാര്‍ഡുകള്‍, ഭവന സബ്സിഡികള്‍ തുടങ്ങിയവ നല്‍കിയാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ജനന നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചതെങ്കില്‍ കേന്ദ്ര ഭരണകൂടം കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ക്ക് സാമ്പത്തികമാണ് വാഗ്ദാനം ചെയ്യുന്നത്. 

അടുത്തിടെ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്നു വയസ്സ് വരെ ഓരോ കുട്ടിക്കും പ്രതിവര്‍ഷം 3,600 യുവാന്‍ (ഏകദേശം 500 ഡോളര്‍) അടിസ്ഥാന ദേശീയ സബ്സിഡി നല്‍കാനാണ് ബീജിംഗ് പദ്ധതിയിടുന്നത്. എന്നാല്‍ എപ്പോഴായിരിക്കും സബ്സിഡികള്‍ ആരംഭിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രവണത മറികടക്കാനാവുമോ എന്ന ഉറപ്പില്ലെങ്കിലും പദ്ധതി നടപ്പിലാക്കും. ചൈനയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് ഒരു വനിതയ്ക്ക് ഒന്നിനടുത്തു മാത്രമാണ്. ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

യൂത്ത് പോപ്പുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഗവേഷകനായ ഹുവാങ് വെന്‍ഷെങ് പറയുന്നത് പ്രഖ്യാപിച്ച സബ്സിഡി ചൈനീസ് ജനസംഖ്യാശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ നിര്‍ദ്ദേശിച്ചതിന്റെ പകുതിയോ അതില്‍ കുറവോ ആണെന്നാണ്. ചൈനയുടെ ജിഡിപിയുടെ 0.1 ശതമാനത്തില്‍ താഴെ അതായത് ഏകദേശം 100 ബില്യണ്‍ യുവാന്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അതിന്റെ 50 ഇരട്ടിയെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് ഫെര്‍ട്ടിലിറ്റി നിരക്ക് ഏകദേശം 2.1 എന്ന റീപ്ലേസ്‌മെന്റ് തലത്തിലേക്ക് തിരികെ എത്തിക്കാനാവുകയെന്ന് ഹുവാങ് കരുതുന്നു.

ഭാവിയിലെ നിക്ഷേപമായി കാണുന്ന മാനസികാവസ്ഥയല്ല ചെലവുകളായിട്ടാണ് ഈ തുക ഇപ്പോഴും കാണുന്നത്. 2015-ല്‍ ഒരു കുട്ടി നയം നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ വര്‍ഷങ്ങളായി ജനന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ബീജിംഗിനെ പ്രേരിപ്പിച്ച ഹുവാങ് പറഞ്ഞു.

ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലോ മന്ത്രിസഭയോ ദേശീയ ആരോഗ്യ കമ്മീഷനോ ഇക്കാര്യത്തില്‍ വിവരങ്ങളൊന്നും നല്‍കിയില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 

ചൈനയില്‍ നവജാതശിശുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് -19 നിയന്ത്രണങ്ങള്‍ ബീജിംഗ് അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് നേരിയ തിരിച്ചുവരവ് ഉണ്ടായിരുന്നു. എന്നാല്‍ 2024ല്‍ 6.1 ദശലക്ഷം ദമ്പതികള്‍ മാത്രമാണ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം കുറവ്, ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ കാണിക്കുന്നത് 1986ല്‍ സര്‍ക്കാര്‍ അത്തരം സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതിനുശേഷം ഇത് റെക്കോര്‍ഡ് കുറവാണെന്നാണ്. 

ഈ വര്‍ഷം നവജാതശിശുക്കളുടെ എണ്ണം ഒമ്പത് ദശലക്ഷത്തില്‍ താഴെയാകുമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നു, 1980ല്‍ രാജ്യവ്യാപകമായി ഒരു കുട്ടി നയം നടപ്പിലാക്കിയതിനുശേഷം ആദ്യമായി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ടാകാന്‍ ചൈന അനുവദിച്ച 2016ലെ നിലവാരത്തിന്റെ പകുതിയില്‍ താഴെയാണിത്. ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ മറ്റ് രാജ്യങ്ങളിലും ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണ്. എന്നാല്‍ ചൈനയുടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന സ്ത്രീകളുടെ എണ്ണവും കുഞ്ഞുങ്ങള്‍ കുറവുള്ളവരുടെ എണ്ണവുമാണ്. ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള കുതിച്ചുയരുന്ന ചെലവുകള്‍ ദമ്പതികളെ കുട്ടികളുണ്ടാകുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നുണ്ട്. 

പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവിലെ ഒരു സ്വകാര്യ കിന്റര്‍ഗാര്‍ട്ടനില്‍ അടുത്തിടെ നടന്ന ലെഡ് വിഷബാധ പോലുള്ള ആരോഗ്യ ഭീഷണികളും അങ്ങനെ തന്നെയാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. അവിടെ 233 കുട്ടികളില്‍ അസാധാരണമായ രീതിയില്‍ രക്തത്തില്‍ ലെഡിന്റെ അളവ് കണ്ടെത്തിയിരുന്നു. 

വിഷലിപ്തമായ പാല്‍ ഫോര്‍മുലയും ഭക്ഷണങ്ങളും ഉള്ള ഒരു ലോകത്തേക്കാണ് കുട്ടികള്‍ ജനിക്കേണ്ടതെന്നും അതിനെന്തിനാണ് തിടുക്കം കൂട്ടുന്നതെന്നുമാണ് ഒരു കമന്റേറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

വിരമിക്കല്‍ പ്രായം ക്രമേണ വൈകിപ്പിക്കുന്നത് പോലുള്ള ജനസംഖ്യാ വെല്ലുവിളികളെ ഗൗരവമായി എടുക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ ബീജിംഗ് കാണിക്കുന്നുണ്ട്. പക്ഷേ നയരൂപീകരണക്കാര്‍ സമഗ്രമായ സമീപനത്തേക്കാള്‍ അര്‍ധമനസ്സോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സീനിയര്‍ ഫെലോ ഇലാരിയ മസോക്കോ പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് പ്രധാനമെന്ന് കരുതുന്ന എഐ, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ബീജിംഗിന്റെ ചെലവുകളെ അപേക്ഷിച്ച് സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തുന്നതിന് ചെലവഴിക്കേണ്ട തുക കുറവാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനനനിരക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

സിഎസ്ഐഎസ് എന്ന തിങ്ക് ടാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സ്ഥാപനങ്ങള്‍ക്ക് നേരിട്ടുള്ള സംസ്ഥാന സബ്സിഡികള്‍, നികുതി ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ ചൈനയുടെ വ്യാവസായിക നയ ചെലവ് 2019ല്‍ ജി ഡി പിയുടെ 1.7 ശതമാനം ആയിരുന്നു. മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. 

സമ്പദ്വ്യവസ്ഥയുടെ നിലവിലുള്ള അവസ്ഥയില്‍ ചൈനയില്‍ നിരവധി യുവാക്കള്‍ ജോലി കണ്ടെത്താന്‍ പാടുപെടുന്നുണ്ട്. ജനനനിരക്ക് കുറയുന്നതിനാല്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ 20,000-ത്തിലധികം കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി. ഏകദേശം 250,000 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ ഡേറ്റ കാണിക്കുന്നു. ചൈനയില്‍ 3 മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സേവനം നല്‍കുന്ന കിന്റര്‍ഗാര്‍ട്ടനുകള്‍ യു എസിലെ പ്രീസ്‌കൂളുകള്‍ക്ക് സമാനമാണ്.