ചൈന ആണവായുധങ്ങള്‍ വര്‍ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്

ചൈന ആണവായുധങ്ങള്‍ വര്‍ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: സിചുവാന്‍ പ്രവിശ്യയിലെ രഹസ്യ കേന്ദ്രങ്ങളില്‍ ചൈന ആണവായുധ ശേഖരം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ അരുണാചല്‍ പ്രദേശില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെയുള്ള തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ പര്‍വതനിരകളിലെ രഹസ്യ ആണവ കേന്ദ്രങ്ങളിലാണ് വികസിപ്പിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു.

ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തു ജിയോ സ്പെഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ റെന്നി ബാബിയാര്‍സാണ് ന്യൂയോര്‍ക്ക് ടൈംസിനോട് ഇക്കാര്യം പങ്കുവച്ചത്. സിറ്റോങ്ങിലും പിങ്ടോങ്ങിലുമാണ് ആണവായുധ ശേഖരം വികസിപ്പിക്കുന്നത്. സിറ്റോങ്ങിനടുത്തുള്ള ഒരു താഴ്‌വരയില്‍ എന്‍ജിനീയര്‍മാര്‍ പുതിയ ബങ്കറുകളും കൊത്തളങ്ങളും നിര്‍മിക്കുന്നുണ്ട്. അവിടെ പുതുതായി നിര്‍മിച്ച ഒരു സമുച്ചയം പൈപ്പുകളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഇത് അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യാനാണെന്നാണ് റിപ്പോര്‍ട്ട്.

പിംഗ്‌ടോങ് താഴ്‌വരയില്‍ ശക്തമായ സുരക്ഷയുള്ള ഒരു സ്ഥലത്താണു ന്യൂക്ലിയര്‍ വാര്‍ ഹെഡുകള്‍ക്കുള്ള പ്ലൂട്ടോണിയം കോറുകള്‍ നിര്‍മിക്കുന്നതെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.

ചൈനയുടെ ആണവായുധ ശേഖരം അതിവേഗം വളര്‍ന്നെന്നും ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ചൈന മാറിയെന്നുമാണ് റിപ്പോര്‍ട്ട്. 2026ന്റെ തുടക്കത്തില്‍ ഏകദേശം 600 വാര്‍ ഹെഡുകളുമായി റഷ്യയ്ക്കും യു എസിനും പിന്നിലാണ് ചൈനയുടെ സ്ഥാനം. റഷ്യയ്ക്ക് ഏകദേശം 5,400 വാര്‍ഹെഡുകളും യു എസിന് ഏകദേശം 5,1005,200 വാര്‍ഹെഡുകളുമാണുള്ളതെന്നാണ് കണക്ക്.  2030 ആകുമ്പോഴേക്കും ആയിരത്തിലധികം വാര്‍ ഹെഡുകളിലെത്താനാണ് ചൈന ശ്രമിക്കുന്നത്. 

2019 മുതല്‍ ചൈനയിലുടനീളം വിവിധ ആണവ കേന്ദ്രങ്ങളില്‍ വേഗത്തിലുള്ള മാറ്റം ഉണ്ടായതായി ബാബിയാര്‍സ് പറഞ്ഞു.