പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന

പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന


ബീജിംഗ്: പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍തോതില്‍ സ്വര്‍ണവും വെള്ളിയും അടങ്ങിയ ധാതുനിക്ഷേപം ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അസാധാരണമായ തോതിലുള്ള സ്വര്‍ണ- വെള്ളി സാന്നിധ്യമുള്ള നിക്ഷേപമാണ് കണ്ടെത്തിയതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സി സി ടി വി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തിന് വലിയ സാമ്പത്തിക മൂല്യവും ഖനന സാധ്യതയുമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. എന്നാല്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഖനനം നടത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.

ഷിങ്ഹുവ സര്‍വകലാശാല, ഷിങ്ദാവോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ജിയോളജി, ഷാങ്ഹായ് ജിയാവോ ടോങ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ സമുദ്രപര്യവേഷണത്തിലാണ് നിക്ഷേപം കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടിലെ വിള്ളലുകളിലൂടെ ധാതുസമ്പന്നമായ അത്യുഷ്ണ ദ്രവങ്ങള്‍ മുകളിലേക്ക് എത്തുന്ന ഹൈഡ്രോതെര്‍മല്‍ മേഖലയിലാണ് സ്വര്‍ണവും വെള്ളിയും കണ്ടെത്തിയത്.

മൂന്ന് കൂറ്റന്‍ ധാതുനിക്ഷേപങ്ങള്‍

മൂന്ന് വലിയ കോണാകൃതിയിലുള്ള സമുദ്രാന്തര്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡ് നിക്ഷേപങ്ങളാണ് ഗവേഷകസംഘം കണ്ടെത്തിയത്. സാധാരണയായി ഇത്തരം നിക്ഷേപങ്ങളില്‍ ചെമ്പ്, സിങ്ക്, ലെഡ് എന്നിവയ്‌ക്കൊപ്പം ചെറിയ അളവില്‍ സ്വര്‍ണവും വെള്ളിയും കാണപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ വിലയേറിയ ലോഹങ്ങളുടെ സാന്നിധ്യം മറ്റു ധാതുക്കളെക്കാള്‍ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ചില ധാതു സാമ്പിളുകളില്‍ കണ്ടെത്തിയ സ്വര്‍ണ- വെള്ളി സാന്ദ്രത കരയിലെ സമാന നിക്ഷേപങ്ങളില്‍ കാണപ്പെടുന്നതിനെക്കാള്‍ കൂടുതലാണെന്നും സി സി ടി വി റിപ്പോര്‍ട്ട് ചെയ്തു.

ടണ്ണിന് 15.4 ഗ്രാം സ്വര്‍ണം

പ്രാഥമിക പരിശോധനയില്‍ ഒരു അമേരിക്കന്‍ ഷോര്‍ട്ട് ടണ്‍ ധാതുവില്‍ പരമാവധി 0.45 ട്രോയ് ഔണ്‍സ് സ്വര്‍ണവും 36.3 ട്രോയ് ഔണ്‍സ് വെള്ളിയും കണ്ടെത്തി. മറ്റൊരു രീതിയില്‍ പരിശോധിച്ചപ്പോള്‍ ചില സാമ്പിളുകളില്‍ ഒരു ടണ്‍ ധാതുവില്‍ 15.4 ഗ്രാം വരെ സ്വര്‍ണവും 1,271 ഗ്രാം വരെ വെള്ളിയും അടങ്ങിയതായി കണ്ടെത്തി.

പ്രദേശത്തെ പോളിമെറ്റാലിക് സള്‍ഫൈഡ് നിക്ഷേപങ്ങള്‍ക്ക് ലോകോത്തര സമുദ്രാന്തര്‍ ധാതുനിക്ഷേപങ്ങളുടേതിന് സമാനമായ വലുപ്പമുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. മേഖലയുടെ സാമ്പത്തിക പ്രാധാന്യം വളരെ വലുതാണെന്നും ഖനനത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്നും പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞരിലൊരാളായ സോങ് ഷിജി പറഞ്ഞു.

18 ദിവസം നീണ്ട പര്യവേഷണം

ചൈനീസ് സമുദ്രഗവേഷണ കപ്പലായ 'ഷിയാങ് യാങ് ഹോങ് 10' ഓഗസ്റ്റ് 10ന് ഷെന്‍ഷെനില്‍ നിന്ന് പുറപ്പെട്ടതോടെയാണ് 18 ദിവസം നീണ്ട പര്യവേഷണം ആരംഭിച്ചത്. പര്യവേഷണത്തിനിടെ മുങ്ങിക്കപ്പലുകളുടെ സഹായത്തോടെ ഏഴ് തവണ സമുദ്രാന്തര്‍ പരിശോധന നടത്തി. പസഫിക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ഒരു ബാക്ക്- ആര്‍ക്ക് ബേസിനിലാണ് ഗവേഷകര്‍ എത്തിയത്.

2,300 മുതല്‍ 4,920 അടി വരെ ആഴത്തില്‍ നേരത്തെയും നിരവധി ഹൈഡ്രോതെര്‍മല്‍ വെന്റുകള്‍ കണ്ടെത്തിയിരുന്നു. ഇവിടത്തെ താപനില 315 ഡിഗ്രി സെല്‍ഷ്യസിലേറെ ഉയരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍പര്യവേഷണത്തിലാണ് ബേസിനുള്ളില്‍ വളരെ വിശാലമായ ഹൈഡ്രോതെര്‍മല്‍ ധാതുമേഖല കണ്ടെത്തിയത്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ കൂനകളില്‍നിന്ന് ശേഖരിച്ച ധാതുസാമ്പിളുകള്‍ കപ്പലിലെ ലബോറട്ടറിയില്‍ തന്നെ പരിശോധിച്ചു. പ്രധാനമായും ചാല്‍കോപൈറൈറ്റ്, പൈറൈറ്റ്, സ്ഫാലറൈറ്റ് തുടങ്ങിയ സാമ്പത്തിക പ്രാധാന്യമുള്ള ധാതുക്കളാണ് നിക്ഷേപത്തിലുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി.

ചൈനയുടെ സാമ്പത്തിക മേഖലയിലാണെന്ന് അവകാശവാദം

സമുദ്രഗതാഗത വിവരങ്ങള്‍ പ്രകാരം 'ഷിയാങ് യാങ് ഹോങ് 10' തായ്വാന്റെ വടക്കും കിഴക്കും ഭാഗങ്ങളിലൂടെയും ഫിലിപ്പീന്‍സിന്റെ വടക്കന്‍ സമുദ്രപ്രദേശങ്ങളിലൂടെയുമാണ് പര്യവേഷണം നടത്തിയത്. കണ്ടെത്തിയ ബേസിന്‍ ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലാണെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നിക്ഷേപത്തിന്റെ കൃത്യമായ ഭൂമിശാസ്ത്ര സ്ഥാനമോ കോര്‍ഡിനേറ്റുകളോ ചൈന പുറത്തുവിട്ടിട്ടില്ല.