ബെയ്ജിംഗ്: ഇറാനിയന്‍ വിമാനക്കമ്പനികളെ ലക്ഷ്യമിട്ട് യു എസ് ഏര്‍പ്പെടുത്തിയ ഉപരോധ നടപടികള്‍ നിയമവിരുദ്ധമെന്ന് ചൈന. യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അമേരിക്കന്‍ ഉപരോധത്തിന്റെ സമ്മര്‍ദത്തില്‍ ഇറാനിലെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം ലോകമെമ്പാടും ദിവസങ്ങള്‍ക്കകം നിലച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ ഉപരോധ നടപടികള്‍. അമേരിക്കന്‍ ഉപരോധം ഇറാനിയന്‍ വിമാനക്കമ്പനികളെ ദിവസങ്ങള്‍ക്കകം ബാധിക്കുമെന്ന് ബെസന്റ് സി എന്‍ ബി സിക്ക് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമോ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ അനുമതിയോ ഇല്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എപ്പോഴും എതിര്‍ക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ഉച്ചകോടി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ചൈനയുടെ പ്രതികരണം.
നേരത്തെ ഉപരോധത്തിന് വിധേയമാകാത്ത ഇറാനിലെ ശേഷിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഈ മാസം യു എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്ന ഇറാനു പുറത്തുള്ള സ്ഥാപനങ്ങളെയും യു എസ് ട്രഷറി വകുപ്പ് ലക്ഷ്യമിട്ടിരുന്നു.
ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് സേവനം തുടരുന്ന വിദേശ കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുക, ലാന്‍ഡിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക, ടിക്കറ്റ് വില്‍ക്കുക തുടങ്ങിയ സേവനങ്ങള്‍ തുടരുന്ന കമ്പനികള്‍ക്ക് യു എസ് ഡോളര്‍ സംവിധാനത്തില്‍നിന്ന് പുറത്താകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കി യു എസ്
ഇറാനെതിരെ അമേരിക്ക 'സാമ്പത്തിക ഡി- ഡേ' പ്രഖ്യാപിക്കുമെന്നും തെഹ്‌റാനുമേല്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദം ചെലുത്തുമെന്നും ബെസന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപ്- ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് വൈസ് പ്രീമിയര്‍ ഹി ലൈഫെംഗുമായി സാമ്പത്തിക വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബെസന്റിന്റെ പുതിയ പ്രതികരണം.
ഫെബ്രുവരി അവസാനം യു എസ്- ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് ഇറാന്‍ ഊര്‍ജ കയറ്റുമതിയുടെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് തടഞ്ഞത് ആഗോള എണ്ണവില ഉയരുന്നതിനും സംഘര്‍ഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കുന്നതിനും കാരണമായി.
ഇറാന്റെ പ്രധാന സാമ്പത്തിക പങ്കാളികളിലൊന്നായ ചൈന തെഹ്‌റാന്റെ നയതന്ത്ര പിന്തുണക്കാരുമാണ്. ഇറാനെതിരായ ഏകപക്ഷീയമായ യു എസ് ഉപരോധങ്ങളെ ബെയ്ജിംഗ് നേരത്തെയും പലതവണ എതിര്‍ത്തിട്ടുണ്ട്.
ട്രംപും ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യു എസും ചൈനയും തയ്യാറെടുക്കുന്നതിനിടെയാണ് ഇറാനിയന്‍ വിമാനക്കമ്പനികളെ ചൊല്ലിയുള്ള പുതിയ തര്‍ക്കം ഉടലെടുത്തത്.
