ഇറാനുമായാണ് വെടിനിര്‍ത്തല്‍; ലെബനന്‍ ഉള്‍പ്പെടില്ലെന്ന് ഇസ്രായേല്‍

ഇറാനുമായാണ് വെടിനിര്‍ത്തല്‍; ലെബനന്‍ ഉള്‍പ്പെടില്ലെന്ന് ഇസ്രായേല്‍


ജറുസലേം: ഇറാനെതിരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേല്‍ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഹിസ്ബുള്ളയുമായുള്ള പോരാട്ടം തുടരുന്ന ലെബനനില്‍ താത്ക്കാലിക വിരാമം ബാധകമല്ലെന്നും നെതന്യാഹു വ്യക്തമാക്കി.

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ അറബ് അയല്‍ക്കാര്‍ക്കും വിശാലമായ ലോകത്തിനും ആണവ, മിസൈല്‍, ഭീകര ഭീഷണി ഇറാന്‍ ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

രണ്ടാഴ്ചത്തെ താത്ക്കാലിക വിരാമം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സംഘര്‍ഷത്തിന് മാത്രമേ ബാധകമാകൂ എന്നും ലെബനന് ഇത് ബാധകമല്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് എക്‌സില്‍ കുറിച്ചു. ഇത് ഇസ്രായേലിന്റെ ആക്രമണം ലെബനനില്‍ തുടരുമെന്നാണ് സൂചിപ്പിക്കുന്നത്.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പത്തിന ് നിര്‍ദ്ദേശത്തില്‍ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേലി ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് തെഹ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.