ആദ്യം വെടിനിര്‍ത്തല്‍; എന്നിട്ടാകാം നെതന്യാഹുവുമായുള്ള ചര്‍ച്ചയെന്ന് ജോസഫ് ഔണ്‍

ആദ്യം വെടിനിര്‍ത്തല്‍; എന്നിട്ടാകാം നെതന്യാഹുവുമായുള്ള ചര്‍ച്ചയെന്ന് ജോസഫ് ഔണ്‍


ബെയ്‌റൂട്ട്: ചര്‍ച്ചകള്‍ക്ക് മുമ്പ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അതിനു ശേഷം മാത്രമായിരിക്കും നെതന്യാഹുവുമായുള്ള സംസാരമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. ഇരു നേതാക്കളും ചരിത്രപരമായ ചര്‍ച്ചകള്‍ നടത്താന്‍ പോകുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ്  ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കാന്‍ വിസമ്മതിച്ചത്. വ്യാഴാഴ്ച ലെബനന്‍ പ്രസിഡന്റ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണില്‍ സംസാരിക്കുകയും നെതന്യാഹുവുമായി സംസാരിക്കേണ്ടതില്ലെന്ന തീരുമാനം അറിയിക്കുകയും ചെയ്തു.

റൂബിയോയുമായുള്ള ഫോണ്‍ കോളില്‍, തന്റെ രാജ്യത്ത് വെടിനിര്‍ത്തലിനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളെ ഔണ്‍ അഭിനന്ദിക്കുകയും ചെയ്തു.

പിന്നീട്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔണുമായും നെതന്യാഹുവുമായും വെവ്വേറെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയ ശേഷമാണ് 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ സൈന്യം ലെബനനില്‍ പ്രചാരണം തുടരുന്ന സാഹചര്യത്തില്‍, ഇസ്രായേലുമായുള്ള ഏതെങ്കിലും ചര്‍ച്ചകള്‍ക്ക് മുമ്പ് ഒരു വെടിനിര്‍ത്തല്‍ വേണമെന്ന് ഔണ്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്കുള്ള സ്വാഭാവിക ആരംഭ പോയിന്റാണെന്ന് ഔണ്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുന്നതുവരെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ലെന്ന് ലെബനനിലെ ഉദ്യോഗസ്ഥര്‍ ഇസ്രായേലിനോടും യു എസിനോടും പറഞ്ഞു.