ലണ്ടന്‍: ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ച് ഒരു ദിവസത്തിന് ശേഷം ചൈനയില്‍ നിന്ന് ഇറാന്‍ മേഖലയിലേക്ക് പറന്ന മൂന്ന് ചരക്കുവിമാനങ്ങളെക്കുറിച്ചുള്ള ദുരൂഹതയും ആശങ്കയും വര്‍ദ്ധിക്കുന്നു.
ആദ്യം ഒരു ബോയിംഗ് 747 ചരക്ക് വിമാനമാണ് ചൈനയില്‍ നിന്ന് പുറപ്പെട്ടത്. അടുത്ത ദിവസം, ഒരു തീരദേശ ചൈനീസ് നഗരത്തില്‍ നിന്ന് മറ്റൊരുവിമാനം കൂടി പുറപ്പെട്ടു.മൂന്നാമത്തെ വിമാനം തിങ്കളാഴ്ച, ഷാങ്ഹായില്‍ നിന്ന് പറന്നുയര്‍ന്നു. ഈ മൂന്നുവിമാനങ്ങളും ഇറാനിനേക്കുള്ള ആയുധങ്ങളുമായി പോയതാകാം എന്ന എന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആഗോള തലത്തില്‍ ആശങ്ക വര്‍ധിച്ചു..
അപ്രത്യക്ഷമായ ചൈനീസ് വിമാനങ്ങള്‍
തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ പറന്ന മൂന്ന് ബോയിംഗ് 747 ചരക്ക് വിമാനങ്ങള്‍ സര്‍ക്കാര്‍ കരാറുകള്‍ക്ക് കീഴില്‍ ഹെവിഡ്യൂട്ടി സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണെന്ന് ദി ടെലിഗ്രാഫ് റ്രിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വിമാനങ്ങളും സമാനമായ പാതകളിലൂടെ സഞ്ചരിച്ചുവെന്നും, വടക്കന്‍ ചൈനയ്ക്ക് മുകളിലൂടെ പടിഞ്ഞാറോട്ട് പറന്ന് കസാക്കിസ്ഥാനിലേക്ക് കടന്നു, പിന്നീട് തെക്ക് വളഞ്ഞ് ഉസ്‌ബെക്കിസ്ഥാനിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും പോയി, തുടര്‍ന്ന് ഇറാനിലേക്ക് അടുക്കുമ്പോള്‍ റഡാറില്‍ നിന്ന് മറഞ്ഞു എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നത്.
ചൈന ഇറാന്‍ തന്ത്രപരമായ ബന്ധങ്ങള്‍
'ഇറാനെ സഹായിക്കാന്‍ ചൈന എന്തെങ്കിലും ചെയ്യാനിടയുള്ളതിനാല്‍ ഈ കാര്‍ഗോകള്‍ വളരെയധികം താല്‍പ്പര്യം സൃഷ്ടിക്കുന്നതാണെന്ന് മിഡില്‍ ഈസ്റ്റുമായും വടക്കേ ആഫ്രിക്കയുമായും ചൈനയുടെ ബന്ധങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ലക്ചറര്‍ ആന്‍ഡ്രിയ ഗിസെല്ലിനെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറഞ്ഞു.
ചൈനയും ഇറാനും തന്ത്രപരമായ പങ്കാളികളായതിനാലും, യുഎസ് നയിക്കുന്ന ലോകക്രമത്തിനെതിരായും ആഗോള നയതന്ത്രത്തില്‍ ഒരു പുതിയ 'ബഹുധ്രുവ' ഘട്ടത്തെ അനുകൂലിക്കുന്നതിനാലുമാണ് അദ്ദേഹം ഈ സംശയങ്ങള്‍ ഉന്നയിച്ചത്. അതേസമയം, ഇറാന്‍ ചൈനയുടെ പ്രധാന ഊര്‍ജ്ജ വിതരണക്കാരില്‍ ഒന്നാണ്. പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ചൈനയിലേക്ക് അയയ്ക്കുന്നത്. ഈ ഇടപാട് ഇസ്ലാമിക് റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനുമുള്ള വഴികള്‍ കണ്ടെത്താന്‍ ബീജിംഗിനെ പ്രേരിപ്പിച്ചിരിക്കാമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'നിലവിലെ ഭരണകൂടത്തിന്റെ തകര്‍ച്ച ഒരു പ്രധാന പ്രഹരമായിരിക്കുമെന്നും അത് മിഡില്‍ ഈസ്റ്റില്‍ വളരെയധികം അസ്ഥിരത സൃഷ്ടിക്കുകയും ആത്യന്തികമായി ചൈനീസ് സാമ്പത്തിക, ഊര്‍ജ്ജ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് ഗിസെല്ലി വിശദീകരിച്ചതായി റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നു. 'കൂടാതെ, ചൈനയില്‍ നിന്ന് ഇറാന് എന്തെങ്കിലും തരത്തിലുള്ള സഹായം പ്രതീക്ഷിക്കുന്ന പലരും ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരക്ക് സംബന്ധിച്ച് വന്‍ ദുരൂഹത
അതേസമയം ഒരു സ്വതന്ത്ര പരിശോധന നടത്താതെ ചരക്ക് വിമാനങ്ങള്‍ എന്താണ് വഹിച്ചിരുന്നതെന്ന് കൃത്യമായി അറിയാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് പറന്ന ചില വിമാനങ്ങള്‍ തുര്‍ക്ക്‌മെനിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയിലെ അതേ പ്രദേശത്ത് നിന്ന് പറന്നുയര്‍ന്ന് ലക്‌സംബര്‍ഗിലേക്ക് പോയിരിക്കാമെന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഫ്‌ലൈറ്റ് ഡേറ്റ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ചൈന ഇറാനിലേക്ക് രഹസ്യമായി ആയുധങ്ങള്‍ അയച്ചോ? ഫ്‌ലൈറ്റ്‌റഡാറില്‍ പിടിക്കപ്പെട്ട 3 നിഗൂഢ ചരക്ക് വിമാനങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ ആശങ്ക
