ടെഹ്‌റാൻ: ബഹ്‌റൈനിൽ 12 രാജ്യങ്ങളിലെ സൈനിക മേധാവിമാർ പങ്കെടുത്ത പ്രാദേശിക സുരക്ഷാ ഉച്ചകോടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. പശ്ചിമേഷ്യയിൽ സ്ഥിരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് മേഖലയിലെ രാജ്യങ്ങൾ തന്നെയാണെന്നും പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടൽ അതിന് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ പ്രതിരോധ സേനയുടെ ആതിഥേയത്വത്തിൽ മനാമയിൽ നടന്ന സമ്മേളനത്തിൽ വ്യോമപ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതും പ്രധാന സമുദ്രവ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതുമാണ് ചർച്ചയായത്.
സമ്മേളനത്തോട് പ്രതികരിച്ച് എക്‌സിൽ (മുൻ ട്വിറ്റർ) പങ്കുവെച്ച കുറിപ്പിലാണ് അറാഗ്ചി അമേരിക്കൻ സെൻട്രൽ കമാൻഡിനെ (CENTCOM) വിമർശിച്ചത്. 'സെന്റ്‌കോം നമ്മുടെ മേഖലയിലേക്ക് സുരക്ഷയാണോ കൊണ്ടുവന്നത്, അതോ അരക്ഷിതാവസ്ഥയാണോ? അതിന്റെ ഉത്തരം വ്യക്തമാണ്. പുറത്തുനിന്നുള്ള ശക്തികൾക്ക് സ്വയം സംരക്ഷിക്കാൻ പോലും കഴിയില്ലെന്ന് നമ്മുടെ ശക്തമായ സായുധസേന തെളിയിച്ചിട്ടുണ്ട്,' എന്നാണ് അദ്ദേഹം കുറിച്ചത്.
പശ്ചിമേഷ്യയിൽ സമാധാനം നിലനിൽക്കണമെങ്കിൽ അത് സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്നും വിദേശ ഇടപെടലുകളില്ലാതെയായിരിക്കണമെന്നും അറാഗ്ചി വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ അറിയിപ്പുപ്രകാരം, ബഹ്‌റൈൻ , ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യുഎഇ, യെമൻ എന്നീ രാജ്യങ്ങളിലെ സൈനിക പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ചരക്കുനീക്കം തടസ്സമില്ലാതെ തുടരാനുള്ള പ്രതിബദ്ധത സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ആവർത്തിച്ചതായും സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇതിനിടെ, ഇറാൻ വിദേശകാര്യ സഹമന്ത്രി കസേം ഘരീബാബാദിയും ബഹ്‌റൈൻ സമ്മേളനത്തെ വിമർശിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും സെൻട്രൽ കമാൻഡിന്റേതല്ല, ഇറാന്റേതാണെന്നും പേർഷ്യൻ ഉൾക്കടലിലെ നിയമക്രമവും സുരക്ഷയും ബഹ്‌റൈനിലെ സൈനിക സമ്മേളനങ്ങൾ വഴി നിർണയിക്കാനാകില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
'സ്വയം സംരക്ഷിക്കാനാകാത്തവർ'; അമേരിക്കയെ വിമർശിച്ച് ബഹ്‌റൈൻ സുരക്ഷാ ഉച്ചകോടിക്കെതിരെ ഇറാൻ
