ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനുമൊപ്പമെന്ന് കാനഡ

ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനുമൊപ്പമെന്ന് കാനഡ


ദാവോസ്: ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ലക്ഷ്യം യു എസും സഖ്യരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനിടെ കാനഡ ഗ്രീന്‍ലാന്‍ഡിനും ഡെന്‍മാര്‍ക്കിനും ഒപ്പമാണെന്ന് പ്രധാനമന്ത്രി മാര്‍ക് കാര്‍നി വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കാനുള്ള പ്രത്യേക അവകാശത്തെ കാനഡ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ഡെന്‍മാര്‍ക്കിനും ഒപ്പമാണ് കാനഡ ഉറച്ചുനില്‍ക്കുന്നതെന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ കാര്‍ണി പറഞ്ഞു.

പ്രധാന ശക്തികള്‍ അവരുടെ സാമ്പത്തിക ശക്തി സമ്മര്‍ദ്ദായുധമായി ഉപയോഗിക്കുന്ന പുതിയ സാഹചര്യത്തിലേക്ക് ലോകം മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അടിസ്ഥാനപരമായ മാറ്റത്തിന്റെ 'ജാഗ്രതാ വിളി' ആദ്യം കേട്ട രാജ്യങ്ങളിലൊന്നാണ് കാനഡയെന്നും കാര്‍ണി പറഞ്ഞു.

നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമം സംരക്ഷിക്കാന്‍ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കാനഡ പോലുള്ള മധ്യശക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നാം ചര്‍ച്ചാമേശയില്‍ ഇല്ലെങ്കില്‍, നാം തന്നെ വിഭവമാകും എന്നും കാര്‍ണി പറഞ്ഞു.

ഇതിന് മുമ്പ്, ദാവോസില്‍ സംസാരിച്ച ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഭീഷണിയെയോ ഭീഷണിപ്പെടുത്തലിനെയോക്കാള്‍ പരസ്പര ബഹുമാനമാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലി ട്രംപിന്റെ തീരുവ ഭീഷണിയിലേക്കുള്ള പരോക്ഷ വിമര്‍ശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ട്രംപ് വീണ്ടും ഗ്രീന്‍ലാന്‍ഡ് ദേശീയവും ആഗോളവുമായ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ഇതില്‍ ഇനി പിന്നോട്ടുപോകാനില്ല എന്ന് ആവര്‍ത്തിച്ചതോടെ യു എസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായി.

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള തന്റെ പദ്ധതിയെ എതിര്‍ത്തതിന്റെ പേരില്‍ ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കെതിരെ ഫെബ്രുവരി 1 മുതല്‍ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, 2026 ജൂണ്‍ 1 മുതല്‍ ഈ തീരുവ 25 ശതമാനമായി ഉയര്‍ത്തും. ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണവും സമ്പൂര്‍ണവുമായ വാങ്ങലിനുള്ള കരാര്‍ ഉണ്ടാകുന്നതുവരെ ഈ തീരുവ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

കാനഡയും ഗ്രീന്‍ലാന്‍ഡും ഉള്‍പ്പെട്ട എഐ-മാറ്റം വരുത്തിയ യു എസ് മാപ്പ് ട്രംപ് പങ്കുവച്ചിരുന്നു. ഗ്രീന്‍ലാന്‍ഡും കാനഡയും വെനിസ്വേലയും ഉള്‍പ്പെടുത്തിയ യു എസ് മാപ്പിന് മുന്നില്‍ യൂറോപ്യന്‍ നേതാക്കളുമായി സംസാരിക്കുന്നതായി കാണിക്കുന്ന എഐ-എഡിറ്റു ചെയ്ത ഒരു ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചു.

2025 ഓഗസ്റ്റില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉഴ്‌സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവര്‍ വാഷിങ്ടണ്‍ സന്ദര്‍ശിച്ച സമയത്തെ ഒരു ചിത്രത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രംപ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ, കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. കാനഡ സര്‍ക്കാര്‍ ഇത് ശക്തമായി തള്ളിയതോടെ, ഇരു രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത വ്യാപാര തര്‍ക്കത്തിനും ഇത് വഴിവെച്ചു.

യു എസ് കയറ്റുമതികളിലെ തീരുവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അടുത്ത ആഴ്ച വോട്ടെടുപ്പ് നടത്താനായിരുന്നു യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പദ്ധതി. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് മാറ്റിവയ്ക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രധാന രാഷ്ട്രീയ സമിതി സ്ഥിരീകരിച്ചു.