സർവകലാശാലകൾ ആക്രമിക്കുമെന്ന്‌ ഇറാന്റെ മുന്നറിയിപ്പ്; മാപ്പ് പറയാൻ യുഎസിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിവരെ സമയം നൽകി

സർവകലാശാലകൾ ആക്രമിക്കുമെന്ന്‌ ഇറാന്റെ മുന്നറിയിപ്പ്; മാപ്പ് പറയാൻ യുഎസിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിവരെ  സമയം നൽകി


ടെഹ്രാൻ: സർവകലാശാലകളിൽ നടന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സർവകലാശാലകൾ ആക്രമിക്കുമെന്ന് ഇറാന്റെ  മുന്നറിയിപ്പ്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാൻ സൈന്യം യുഎസിന് അന്ത്യശാസനവും നൽകി.

തെഹ്രാനിലെ സർവകലാശാലകളിൽ യുഎസ്-ഇസ്രയേൽ ആക്രമണം നടത്തിയതിനെ ഔദ്യോഗികമായി അപലപിക്കണമെന്നും, അല്ലാത്തപക്ഷം പ്രതികാരനടപടികൾ ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. മാർച്ച് 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിവരെ സമയം അനുവദിച്ചതായും അറിയിച്ചു.

ഖത്തറിലെ  ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി  ക്യാമ്പസും യുഎഇയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസും ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സർവകലാശാലകൾക്ക് ഭീഷണിയുണ്ടെന്ന് ഇറാൻസേന(ഐആർജിസി) പറഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പസുകളിൽ നിന്ന് അകലം പാലിക്കണമെന്നും നിർദേശിച്ചു.

ടെഹ്രാനിലെ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായി.

ഇതിനിടെ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്രശ്രമങ്ങൾ ശക്തമാകുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാനസംഭാഷണത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകൾക്കായി സൗദി അറേബ്യ, തുർക്കി, ഈജിപ്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പാകിസ്ഥാന്റെ ഇടപെടലിനെ സ്വാഗതം ചെയ്തതായും റിപ്പോർട്ടുണ്ട്.