ലണ്ടൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടികൾക്കായി ബ്രിട്ടനിലെ സൈനിക താവളങ്ങൾ തുടർന്നും ഉപയോഗിക്കാൻ അനുമതി നൽകാൻ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം തീരുമാനിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്വീകരിച്ച നയമാണ് പുതിയ സർക്കാരും തുടരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ തീരുമാനത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ സൈനിക താവളവും ഗ്ലോസ്റ്റർഷെയറിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളവും ഉൾപ്പെടെയുള്ള ബ്രിട്ടീഷ് കേന്ദ്രങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് പ്രവർത്തനം തുടരാനാകും. ഇറാന്റെ മിസൈൽ ഭീഷണികളെ ചെറുക്കുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള പ്രതിരോധ ദൗത്യങ്ങൾക്കായാണ് ഈ താവളങ്ങൾ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ആദ്യം ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ വീണ്ടും ആരംഭിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നിലപാട് വിലയിരുത്താൻ കെയർ സ്റ്റാർമർ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രിയായി ചുമതലയേറ്റ ബേൺഹാമിന് ആ ചർച്ചകളുടെ വിവരങ്ങൾ കൈമാറുകയും അമേരിക്കയ്ക്ക് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി തുടരാനുള്ള തീരുമാനത്തിന് അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തതായി വിഷയവുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ബ്രിട്ടീഷ് സൈനിക താവളങ്ങൾ അമേരിക്കയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നത് ഇറാനെതിരായ യുഎസ് സൈനിക നടപടികളിൽ ബ്രിട്ടനും പങ്കാളിയാകുന്നതിന് തുല്യമാണെന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും ലേബർ പാർട്ടിയിലെ ഇടതുപക്ഷ വിഭാഗങ്ങളും രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ ഭാവിയിലെ സൈനിക ആക്രമണങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനിലെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ആക്രമണലക്ഷ്യമാകാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ ആശങ്കകൾ ശക്തമായത്.
അതേസമയം, ബ്ലൂംബെർഗ് റിപ്പോർട്ടിനോട് ബ്രിട്ടീഷ് സർക്കാരോ അമേരിക്കൻ ഭരണകൂടമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും പ്രധാനമന്ത്രി മാറിയിട്ടും വാഷിങ്ടണുമായുള്ള പ്രതിരോധ സഹകരണം ബ്രിട്ടൻ തുടരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇറാനെതിരായ യുഎസ് നടപടികൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ തുടർന്നും തുറന്നുനൽകും; സ്റ്റാർമറുടെ നയം തുടർന്ന് ബേൺഹാം
