ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ആന്‍ഡ്രൂ രാജകുമാരനും ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയ വിവാദത്തില്‍ അന്വേഷണം ശക്തമാക്കി ബ്രിട്ടീഷ് പൊലീസ്. ലൈംഗികാതിക്രമം, പൊതുപദവിയുടെ ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍- വിന്‍ഡ്‌സറിനെതിരെ അന്വേഷണം പുരോഗമിക്കുന്നതെന്ന് തേംസ് വാലി പൊലീസ് വെള്ളിയാഴ്ച അറിയിച്ചു.
2010ല്‍ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഒരു സ്ത്രീയെ വിന്‍ഡ്‌സറിലെ വിലാസത്തിലേക്ക് കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്ത്രീയുടെ അഭിഭാഷകരുമായി ബന്ധപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. ഫ്ളോറിഡ ആസ്ഥാനമായ അഭിഭാഷകന്‍ ബ്രാഡ് എഡ്വേര്‍ഡ്സ് നേരത്തെ ഉന്നയിച്ച ആരോപണത്തില്‍ തന്റെ ക്ലയന്റിനെ ജെഫ്രി എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് ഇരയാക്കിയതായും പിന്നീട് ആന്‍ഡ്രൂവിന്റെ വിന്‍ഡ്‌സര്‍ വസതിയില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായുമാണ് പറയുന്നത്.
ഇതുവരെ സ്ത്രീ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും ലഭിക്കുന്ന ഏത് പരാതിയും ഗൗരവത്തോടെയും സ്വകാര്യത സംരക്ഷിച്ചും പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.
2001 മുതല്‍ 2011 വരെ ബ്രിട്ടന്റെ ട്രേഡ് എന്‍വോയിയായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ആന്‍ഡ്രൂ എപ്സ്റ്റീനുമായി രഹസ്യവിവരങ്ങള്‍ പങ്കുവെച്ചോയെന്ന സംശയത്തിലൊതുങ്ങുന്നതല്ല അന്വേഷണം എന്നും പൊലീസ് വിശദീകരിച്ചു. 2010ല്‍ ഒരു സ്ത്രീയെ വിന്‍ഡ്‌സറിലെ വിലാസത്തിലേക്ക് ലൈംഗിക ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകളുടെ പരിശോധന തുടരുകയാണ് എന്ന് പൊലീസ് അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളവര്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ഥിച്ചു.
ആന്‍ഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍ അന്വേഷണം തുടരുകയാണ്. എപ്സ്റ്റീന്‍ വിവാദം ശക്തമായതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ചാള്‍സ് മൂന്നമന്‍ രാജാവ് ആന്‍ഡ്രൂവിന്റെ ശേഷിച്ചിരുന്ന രാജകീയ പദവികളും അധികാരങ്ങളും പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍നിന്ന് അദ്ദേഹത്തെ നോര്‍ഫോകിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്കാണ് താമസം മാറ്റിയത്.
