ലണ്ടന്‍: ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂണ്‍ മാസംവരെ നിര്‍ത്തിവെക്കാന്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് തീരുമാനം. ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യു എസ്- ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യോമമേഖലയില്‍ അസ്ഥിരത തുടരുന്നതിനാലാണ് ഈ നടപടി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കില്‍ തീപിടുത്തമുണ്ടാക്കിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൂടെ നടക്കുന്ന ആഗോള യാത്രകളില്‍ സംഘര്‍ഷം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് പുതിയ നീക്കം വ്യക്തമാക്കുന്നത്.
കൂടാതെ അമ്മാന്‍, ബഹറൈന്‍, ടെല്‍അവീവ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും വിവിധ കാലയളവുകളിലേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. അബൂദാബിയിലേക്കുള്ള വിമാനങ്ങളും നിര്‍ത്തലാക്കി.
യു എസ്- ഇസ്രായേല്‍ യുദ്ധകാലത്ത് ഒരു പ്രമുഖ വിമാനക്കമ്പനി സ്വീകരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ നിര്‍ത്തിവെക്കലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റേത്.
