ബ്രെക്‌സിറ്റ് തിരുത്താന്‍ ബ്രിട്ടന്‍; യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരുന്നതും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

ബ്രെക്‌സിറ്റ് തിരുത്താന്‍ ബ്രിട്ടന്‍; യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരുന്നതും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി


ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ഭാവി ബന്ധം പുനഃപരിശോധിക്കുമ്പോള്‍, യൂണിയനില്‍ വീണ്ടും അംഗമാകുന്നതുള്‍പ്പെടെയുള്ള വിവിധ സാധ്യതകള്‍ പരിഗണിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിച്ചതിന് പിന്നാലെ ബി ബി സിയോട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ 'എന്താണ് പ്രായോഗികമായി സാധ്യമെന്ന്' പരിശോധിക്കേണ്ടതുണ്ടെന്നാണ് ബേണ്‍ഹാം പറഞ്ഞത്. നിലവിലെ ബന്ധം തുടരുക, യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനുമായി കൂടുതല്‍ അടുക്കുക, സിംഗിള്‍ മാര്‍ക്കറ്റുമായി കൂടുതല്‍ സഹകരിക്കുക, ഒടുവില്‍ യൂണിയനില്‍ തന്നെ തിരിച്ചുചേരുക തുടങ്ങിയ വിവിധ സാധ്യതകളാണ് ചര്‍ച്ചയിലുള്ളത്. 

തന്റെ ജീവിതകാലത്ത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരണമെന്ന് മുമ്പ് താന്‍ പിന്തുണച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ നിലപാടാണെന്ന് നിര്‍ബന്ധമായും പറയാനാകില്ലെന്നും ബേണ്‍ഹാം വ്യക്തമാക്കി. അതേസമയം, ബ്രെക്‌സിറ്റ് ബ്രിട്ടന് നന്മയേക്കാള്‍ കൂടുതല്‍ ദോഷമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

ബേണ്‍ഹാമിന്റെ പുതിയ പരാമര്‍ശങ്ങള്‍ ലേബര്‍ പാര്‍ട്ടിയുടെ 2024ലെ തിരഞ്ഞെടുപ്പ് നിലപാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രദ്ധേയമാണ്. അന്നത്തെ തzരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ബ്രെക്‌സിറ്റിനെ തിരുത്തുന്നതിനുപകരം ബ്രെക്‌സിറ്റ് പ്രവര്‍ത്തിക്കുന്ന രീതിയിലാക്കുക എന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനിലേക്കോ സിംഗിള്‍ മാര്‍ക്കറ്റിലേക്കോ തിരിച്ചുപോകില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിന്റെ ദീര്‍ഘകാല ഭാവിയെക്കുറിച്ച് പുതിയ ചര്‍ച്ച ആവശ്യമാണെന്നാണ് ബേണ്‍ഹാമിന്റെ നിലപാട്. നവംബറില്‍ നടക്കാനിരിക്കുന്ന യു കെ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയെ ഇതിനായി ഉപയോഗിച്ച് വിവിധ ഓപ്ഷനുകള്‍ അവതരിപ്പിക്കുകയും അവയില്‍ ഒന്നില്‍ ദേശീയതലത്തില്‍ ധാരണയിലെത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതേസമയം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരുമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇത്തരം വലിയ മാറ്റങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ക്ക് സാധ്യതയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേബര്‍ പാര്‍ട്ടി സമ്മേളനത്തിലെ പ്രസംഗത്തില്‍ ബേണ്‍ഹാം ബ്രെക്‌സിറ്റിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കുടിയേറ്റ നിയന്ത്രണവും സമ്പദ്വ്യവസ്ഥയും ഉള്‍പ്പെടെ ബ്രെക്‌സിറ്റ് വാഗ്ദാനം ചെയ്ത നേട്ടങ്ങള്‍ പൂര്‍ണമായി കൈവരിക്കാനായില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനുമായുള്ള നിലവിലെ ബന്ധം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 

2016ലെ ഹിതപരിശോധനയെത്തുടര്‍ന്ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഔദ്യോഗികമായി പുറത്തായത് 2020 ജനുവരി 31നാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വത്തിനാണ് ഇതോടെ വിരാമമായത്.

മുന്‍ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ്ങും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും ചേരണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2016ലെ ബ്രെക്‌സിറ്റ് തീരുമാനം വലിയ പിഴവ് ആയിരുന്നുവെന്നാണ് സ്ട്രീറ്റിങ്ങിന്റെ പ്രതികരണം. ബ്രിട്ടന്റെ ഭാവി യൂറോപ്പിനൊപ്പമാണെന്നും ഭാവിയില്‍ വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തില്‍ മാറ്റം വരുത്താനുള്ള ബേണ്‍ഹാമിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷത്തുനിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് തീരുമാനത്തെ പരോക്ഷമായി തിരുത്താനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്. 

നിലവില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരാനുള്ള ഔദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല.