ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീന്‍ പ്രദേശത്ത് നടന്ന യഹൂദ വിരുദ്ധ ആക്രമണത്തിന് പിന്നാലെ ബ്രിട്ടന്‍ ദേശീയ ഭീകരഭീഷണി നില സിവിയര്‍ ആയി ഉയര്‍ത്തി. ഇതോടെ അടുത്ത ആറുമാസത്തിനകം ഭീകരാക്രമണം നടക്കാന്‍ വളരെ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഒരു ഭീഷണിയുടെ ഫലമായല്ല വ്യാപകമായി ഉയരുന്ന ഭീഷണിയുടെ പ്രതിഫലനമാണിതെന്ന് യു കെയുടെ ആഭ്യന്തര മന്ത്രി ശബാന മഹമൂദ് അറിയിച്ചു.
ജോയിന്റ് ടെററിസം അനാലിസിസ് സെന്റര്‍ പുറത്തിറക്കിയ വിലയിരുത്തലിലാണ് ഈ മാറ്റം പ്രഖ്യാപിച്ചത്.
ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ ബുധനാഴ്ച നടന്ന സംഭവം ഭീകരാക്രമണമായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബ്രിട്ടനിലെ ഭീഷണി നില ഉയരാന്‍ കാരണമായത് ഇതൊന്നുമാത്രമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇസ്ലാമിസ്റ്റ്, അതീവ വലതുപക്ഷ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളും ചെറിയ സംഘങ്ങളും സൃഷ്ടിക്കുന്ന ഭീഷണി വര്‍ധിച്ചതാണ് പ്രധാന കാരണം എന്ന് അധികൃതര്‍ പറഞ്ഞു.
ഭീഷണി നില ഉയര്‍ന്നത് പലര്‍ക്കും ആശങ്കയുണ്ടാക്കുമെന്നും പ്രത്യേകിച്ച് യഹൂദ സമൂഹത്തിനെന്നും ശബാന മഹ്മൂദ് പറഞ്ഞു. സമൂഹത്തില്‍ യഹൂദവിരുദ്ധത ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.
പൗരന്മാര്‍ ജീവിതത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.
സിവിയര്‍ ഭീഷണി നില 'ക്രിട്ടിക്കല്‍'ന് താഴെയുള്ള രണ്ടാമത്തെ ഉയര്‍ന്ന നിലയാണ്. 2021 നവംബറിലാണ് ബ്രിട്ടന്‍ അവസാനമായി ഈ നിലയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ഇത് 'സബ്സ്റ്റാന്‍ഷ്യല്‍' ആയി താഴ്ത്തിയിരുന്നു.
അഞ്ച് നിലകളിലായാണ് ഭീകരാക്രമണ സാധ്യതയെ വിലയിരുത്തുന്നത്. ക്രിട്ടിക്കല്‍- ഉടന്‍ ആക്രമണ സാധ്യത, സിവിയര്‍- വളരെ സാധ്യത, സബ്സ്റ്റാന്‍ഷ്യല്‍- സാധ്യതയുണ്ട്, മോഡറേറ്റ്- സാധ്യത കുറവ്, ലോ- വളരെ അപൂര്‍വ സാധ്യത എന്നിവയാണവ.
ഇന്റലിജന്‍സ് വിവരങ്ങളും ആഭ്യന്തര- ബാഹ്യ ഘടകങ്ങളും അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും കര്‍ശനവുമായ പ്രക്രിയയിലൂടെയാണ് ജോയിന്റ് ടെററിസം അനാലിസിസ് സെന്റര്‍ നിര്‍ണ്ണയിക്കുന്നത്.
