ടെഹ്‌റാൻ: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന് നാല് വർഷത്തെ ഉയർന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 ഡോളർ കടന്ന് 126 ഡോളറിന് മുകളിലെത്തിയതോടെ ഊർജ്ജ വിപണിയിൽ ആശങ്ക വർധിച്ചു. അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായതും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും വിലവർധനയ്ക്ക് പ്രധാന കാരണം.
ബ്രെന്റ് ക്രൂഡ് വില 122 ഡോളറിൽനിന്ന് 126 ഡോളർ വരെ ഉയർന്ന് പുതിയ ഇൻട്രാഡേ റെക്കോർഡ് കുറിച്ചു. അതേസമയം വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയേറ്റ് (WTI) ക്രൂഡ് വിലയും 108 ഡോളറിന് മുകളിലെത്തി. യുദ്ധത്തിന് മുമ്പ് ഏകദേശം 70 ഡോളറിനടുത്തായിരുന്നു ബ്രെന്റ് വില.
ഇറാനും ഒമാനും ഇടയിലുള്ള ഹോർമൂസ് കടലിടുക്ക് ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന വഴിയാണ്. ഈ കടലിടുക്ക് അടച്ചതോടെ കപ്പൽ ഗതാഗതം താറുമാറായി. ചില രാജ്യങ്ങൾക്ക് മാത്രമാണ് പരിമിതമായി കടന്നുപോകാൻ അനുമതി ലഭിച്ചത്; നിരവധി കപ്പലുകൾ കുടുങ്ങിയിരിക്കുകയാണ്.
ഇതിന് പുറമേ, ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിതരണം കുറയ്ക്കാൻ കാരണമായി. യു.എ.ഇ ഒപെക് -ൽ നിന്ന് പിന്മാറിയതും വിപണിയിൽ അനിശ്ചിതത്വം കൂട്ടി, എങ്കിലും അതിന്റെ സ്വാധീനം പരിമിതമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ നിലച്ചതും വിപണിയിലെ ആശങ്ക കൂട്ടിയിട്ടുണ്ട്. ഇറാൻ ആണവ പദ്ധതി നിർത്തണമെന്ന ആവശ്യത്തിൽ ഡോണൾഡ് ട്രംപ് ഉറച്ചുനിൽക്കുമ്പോൾ, ഇറാൻ ആവശ്യപ്പെടുന്നത് യുദ്ധനഷ്ടപരിഹാരവും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവുമാണ്. ചർച്ചകൾ നിലച്ചതോടെ എണ്ണവിതരണം പെട്ടെന്ന് സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും കുറഞ്ഞു.
സംഘർഷം തുടരുകയും ഹോർമുസ് കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടക്കുകയും ചെയ്താൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
