ബ്രസീലില്‍ ലുലയ്ക്ക് വീണ്ടും വിജയം; പിന്തള്ളിയത് ബൊള്‍സൊനാരോയുടെ മകനെ

ബ്രസീലില്‍ ലുലയ്ക്ക് വീണ്ടും വിജയം; പിന്തള്ളിയത് ബൊള്‍സൊനാരോയുടെ മകനെ


ബ്രസീലിയ:  ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും അധികാരത്തിലെത്തി. ഔദ്യോഗിക പ്രാഥമിക ഫലങ്ങള്‍ പ്രകാരം ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ലുലയ്ക്ക് വിജയം. മുന്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സൊനാരോയുടെ മകന്‍ ഫ്‌ലാവിയോ ബൊള്‍സൊനാരോയാണ് ലുലയെ നേരിട്ടത്. ലാറ്റിനമേരിക്കയില്‍ ശക്തിപ്പെടുന്ന യാഥാസ്ഥിതിക രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയിലാണ് ലുലയുടെ വിജയം.

ഗതാഗത തടസ്സങ്ങളും മോശം കാലാവസ്ഥയും കാരണം വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതില്‍ പ്രതിസന്ധികള്‍ നേരിട്ടതോടെ ബ്രസീലിലെ തിരഞ്ഞെടുപ്പ് അധികൃതര്‍ വോട്ടെടുപ്പ് സമയം നീട്ടാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ആശയക്കുഴപ്പമുണ്ടായതായും ചിലയിടങ്ങളില്‍ പരസ്പരവിരുദ്ധമായ ഉത്തരവുകള്‍ ലഭിച്ചതായും പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാവോ പോളോയിലെ ഒരു പോളിങ് കേന്ദ്രത്തില്‍ വൈകുന്നേരം അഞ്ചുമണിയോടെ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂര്‍ കൂടി നീട്ടിയതായി അറിയിപ്പ് ലഭിച്ചെങ്കിലും പ്രാദേശിക അധികൃതര്‍ കേന്ദ്രം അടയ്ക്കാന്‍ നിര്‍ദേശിച്ചതായി ബാര്‍ബറ എന്ന പേരില്‍ മാത്രം പരിചയപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ പറഞ്ഞു. പിന്നീട് വൈകുന്നേരം ആറുമണിയോടെ കേന്ദ്രം വീണ്ടും തുറക്കാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും നിരവധി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രളയം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായിരുന്ന മേഖലകളിലെ വോട്ടെടുപ്പിനെ ബാധിച്ചുവെന്ന് ബൊള്‍സൊനാരോ ആരോപിച്ചു. നേരത്തെയുള്ള വോട്ടെടുപ്പില്‍ തനിക്ക് പിന്തുണ ലഭിച്ച പ്രദേശങ്ങളില്‍ പൊതുഗതാഗതം മനഃപൂര്‍വം വൈകിപ്പിച്ചതായി ലുലയും ആരോപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് നടപടികളിലെ ആശയക്കുഴപ്പങ്ങള്‍ ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, ബ്രസീലിലെ പരമോന്നത തിരഞ്ഞെടുപ്പ് കോടതിയുടെ ഔദ്യോഗിക പ്രാഥമിക ഫലങ്ങള്‍ ലുലയുടെ വിജയമാണ് വ്യക്തമാക്കുന്നത്.