അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ച് ബ്രസീല്‍; തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ ആശങ്കയ്ക്കിടെ നടപടി

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ച് ബ്രസീല്‍; തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ ആശങ്കയ്ക്കിടെ നടപടി


ബ്രസീലിയ: ഒക്ടോബര്‍ 4-ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യുന്നതിനുള്ള ദൗത്യവുമായി ബ്രസീലിലേക്ക് അയക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരുന്ന രണ്ട് മുതിര്‍ന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ചതായി ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ബ്രസീലിയന്‍ സര്‍ക്കാരിലെ മൂന്ന് ഉദ്യോഗസ്ഥരും പേരുവെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവരമനുസരിച്ച് അസിസ്റ്റന്റ് സെക്രട്ടറി റൈലി എം ബാര്‍ണ്‍സ്, ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സാമുവല്‍ സാംസണ്‍ എന്നിവരടങ്ങുന്ന അമേരിക്കന്‍ പ്രതിനിധിസംഘം അടുത്ത ദിവസങ്ങളില്‍ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലേക്ക് യാത്രതിരിക്കാന്‍ നിശ്ചയിച്ചിരുന്നതായിരുന്നു.

ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രാനുമതി നല്‍കാന്‍ ബ്രസീല്‍ വിസമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാഷിംഗ്ടണിലെ ബ്രസീലിയന്‍ കോണ്‍സുലേറ്റ് വഴിയാണ് ഇവര്‍ വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നതെന്നും ബ്രസീലിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രതിനിധികള്‍ ബ്രസീലില്‍ ആരെയൊക്കെയാണ് കാണാന്‍ പദ്ധതിയിട്ടിരുന്നതെന്നോ ദക്ഷിണ അമേരിക്കയിലെ ഏറ്റവും വിശ്വസനീയമായ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ബ്രസീലിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ എങ്ങനെ വിലയിരുത്താനാണ് ഉദ്ദേശിച്ചതെന്നോ വ്യക്തമായിട്ടില്ല. വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം പ്രഖ്യാപിക്കുന്ന കാര്യക്ഷമമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് ബ്രസീലിന്റേത്.

അതേസമയം, മറ്റൊരു നിര്‍ണായക രാഷ്ട്രീയ സംഭവവികാസമായി മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ മൂത്തമകനും സെനറ്ററുമായ ഫ്‌ളാവിയോ ബോള്‍സൊനാരോയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബ്രസീലിന്റെ ലിബറല്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സാവോ പോളോയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിച്ച 45-കാരനായ ഫ്‌ളാവിയോ ബോള്‍സൊനാരോ പിതാവിന്റെ രാഷ്ട്രീയ ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇന്‍ാസിയോ ലൂല ഡ സില്‍വയെ നേരിടാനാണ് അദ്ദേഹം ഒരുങ്ങുന്നത്.

ലൂല സര്‍ക്കാരിനെതിരെ അഴിമതി പ്രോത്സാഹിപ്പിക്കല്‍, നികുതി വര്‍ധിപ്പിക്കല്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കല്‍, പൗരസ്വാതന്ത്ര്യങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. പിതാവ് ജെയര്‍ ബോള്‍സൊനാരോയെ ഒറ്റപ്പെടുത്തിയും നിശ്ശബ്ദനാക്കിയും 'ബന്ദിയാക്കി' വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫെഡറല്‍ സുപ്രിം കോടതി, ജസ്റ്റിസ് അലക്‌സാണ്ട്രെ ഡി മൊറയിസ് എന്നിവര്‍ക്കെതിരെയും രാഷ്ട്രീയ പ്രേരിത പീഡനമാണ് നടക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ നികുതി കുറയ്ക്കല്‍, പാര്‍ലമെന്റില്‍ ശക്തമായ മധ്യ- വലതുപക്ഷ സഖ്യം രൂപീകരിക്കല്‍, കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കര്‍ശന ശിക്ഷ, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവരെയും നിയമപരമായി ഉത്തരവാദികളാക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ, കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് രാസവന്ധ്യംകരണം  നടപ്പാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും ഫ്‌ളാവിയോ ബോള്‍സൊനാരോ മുന്നോട്ടുവച്ചു.