തെഹ്‌റാന്‍/ വാഷിങ്ടണ്‍: നൂറിലേറെ ദിവസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചെങ്കിലും യഥാര്‍ഥ പരീക്ഷണം ഇനിയാണ് ആരംഭിക്കുകയെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും കരാറിനെ വിജയമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വിമര്‍ശകരെ പൂര്‍ണമായി ബോധ്യപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഫെബ്രുവരി അവസാനം ആരംഭിച്ച അമേരിക്കന്‍- ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്റെ നിലനില്‍പ്പ് ഉറപ്പാക്കുകയും നേതൃത്വത്തെ നിലനിര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു തെഹ്‌റാന്റെ പ്രധാന ലക്ഷ്യം. സൈനിക വിജയത്തേക്കാള്‍ ഭരണകൂടത്തിന്റെ അതിജീവനത്തിനായിരുന്നു ഇറാന്‍ മുന്‍ഗണന നല്‍കിയിരുന്നത്. പുതിയ ധാരണാപത്രം ഇറാന് ഈ ലക്ഷ്യം കൈവരിച്ചതായി അവകാശപ്പെടാനുള്ള അവസരമാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പുവെച്ച ധാരണാപത്രം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള 60 ദിവസത്തെ ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂട് ഒരുക്കുന്നതിനൊപ്പം എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാനെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കാനും വ്യവസ്ഥ ചെയ്യുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ വ്യാപാര ഗതാഗതം ഉറപ്പാക്കുക, ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുക, ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെയും സമ്പുഷ്ടീകരണ പദ്ധതികളുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ബാധ്യതകള്‍.
അതേസമയം, ഇറാനിയന്‍ എണ്ണ കയറ്റുമതിക്ക് ഇളവുകള്‍ അനുവദിക്കുക, മരവിപ്പിച്ച ആസ്തികള്‍ തിരിച്ചുനല്‍കുക, ഉപരോധങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക, മേഖലാ രാജ്യങ്ങളുടെ സഹകരണത്തോടെ കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ പുനര്‍നിര്‍മാണ- സാമ്പത്തിക വികസന പദ്ധതി നടപ്പാക്കുക തുടങ്ങിയ വിപുലമായ പ്രതിബദ്ധതകളാണ് അമേരിക്ക ഏറ്റെടുത്തിരിക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനേയി കരാറിനെ സൂക്ഷ്മമായ ഭാഷയിലാണ് സ്വാഗതം ചെയ്തത്. രാജ്യത്തിന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ധാരണ അംഗീകരിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം, കരാര്‍ പരാജയപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനുള്ള അകലം പാലിക്കുകയും ചെയ്തു.
ഏറ്റവും സങ്കീര്‍ണമായ വിഷയങ്ങളായ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഭാവി, ആണവ സമ്പുഷ്ടീകരണത്തിന്റെ തോത്, യുദ്ധത്തില്‍ നശിച്ച ആണവ കേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ വിഷയങ്ങളിലെ ഏത് വിട്ടുവീഴ്ചയും ആഭ്യന്തര വിമര്‍ശകര്‍ വിജയത്തിന് ശേഷമുള്ള കീഴടങ്ങലായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, ഒരു വിട്ടുവീഴ്ചയും ഉണ്ടാകാതെ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യുദ്ധവിരാമം തന്നെ അപകടത്തിലാകുമെന്നും ഇറാന്‍ സമയം വാങ്ങാന്‍ മാത്രമാണ് ധാരണാപത്രം ഉപയോഗിച്ചതെന്ന വാദം അമേരിക്കയിലും ഇസ്രായേലിലും ശക്തിപ്പെടാന്‍ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചാ സംഘത്തിന്റെ തലവനുമായ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, അമേരിക്കയെ എങ്ങനെ മനസ്സിലാക്കിക്കൊടുക്കണമെന്ന് തനിക്ക് അറിയാമെന്ന് വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വാഷിങ്ടണേക്കാള്‍ കൂടുതല്‍ ആഭ്യന്തര പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
2015ലെ ആണവ കരാറുമായി ഇപ്പോഴത്തെ ധാരണയെ താരതമ്യം ചെയ്യുന്നവരും രംഗത്തുണ്ട്. അമേരിക്കയില്‍ ചിലര്‍ പുതിയ ധാരണ 2015ലെ കരാറിനേക്കാള്‍ മോശമാണെന്ന് വിമര്‍ശിക്കുമ്പോള്‍, ഇറാനിലെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നേരിട്ടതുപോലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴത്തെ ഭരണകൂടത്തിനും നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്.
യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും ശക്തമായ നിലയിലാണ് ഇറാന്‍ പുറത്തുവന്നതെങ്കിലും അടുത്ത 60 ദിവസങ്ങളില്‍ ആഭ്യന്തര പിന്തുണ നിലനിര്‍ത്തിക്കൊണ്ട് അന്തിമ കരാറിലേക്ക് എത്തുക എന്നതാണ് തെഹ്‌റാന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
