വാര്‍സോ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നാല് യാത്രാവിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പോളണ്ട്, സ്‌പെയിന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും അടിയന്തര സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. നാല് വിമാനങ്ങളും സുരക്ഷിതമായി നിലത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസും ഭീകരവിരുദ്ധ സേനയും രംഗത്തെത്തി.
ലണ്ടനില്‍നിന്ന് സോഫിയയിലേക്ക് പുറപ്പെട്ട വിസ് എയര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ബുഡാപെസ്റ്റിലേക്ക് തിരിച്ചുവിട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് പുതിയ ഭീഷണികള്‍ ഉണ്ടായത്.
പോളണ്ടിലാണ് രണ്ട് വിമാനങ്ങളെ ബോംബ് ഭീഷണി ബാധിച്ചത്. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് വാര്‍സോ ഷോപ്പിന്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന ലോറ്റ് പോളിഷ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സ് വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് വാര്‍സോ മോഡ്‌ലിന്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.
പ്രാദേശിക സമയം രാവിലെ 9.54നാണ് ബോംബ് ഭീഷണി ലഭിച്ചത്. 181 യാത്രക്കാരുമായി വിമാനം രാവിലെ 10.01ന് മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.
ലണ്ടനില്‍നിന്ന് സ്‌കൂള്‍ യാത്രയുടെ ഭാഗമായി എത്തിയ 16, 17 വയസ്സുള്ള ജൂത വിദ്യാര്‍ഥികളുടെ സംഘവും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയെല്ലാം വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി വിമാനം വിമാനത്താവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് മോഡ്‌ലിന്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുന:രാരംഭിച്ചു.
ഇതിനിടെ, കോപ്പന്‍ഹേഗനില്‍നിന്ന് വാര്‍സോയിലേക്ക് സര്‍വീസ് നടത്തിയ സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് (എസ്എഎസ്) വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചു. വിമാനം സാധാരണ രീതിയില്‍ വാര്‍സോ ഷോപ്പിന്‍ വിമാനത്താവളത്തില്‍ ഇറക്കിയതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
മാഞ്ചസ്റ്ററില്‍നിന്ന് പുറപ്പെട്ട റയാനെയര്‍ വിമാനത്തിനും ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെയിനിലെ മുര്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
വിമാനത്തില്‍ ജീവനക്കാരടക്കം 121 പേര്‍ ഉണ്ടായിരുന്നതായി മുര്‍സിയയിലെ സ്പാനിഷ് സര്‍ക്കാരിന്റെ പ്രാദേശിക പ്രതിനിധി ഫ്രാന്‍സിസ്‌കോ ലൂക്കാസ് അറിയിച്ചു.
ഇസ്രയേലില്‍നിന്ന് ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലെത്തിയ വിമാനത്തിനും ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി റോയിട്ടേഴ്സ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാന്‍ ഭീകരവിരുദ്ധ സേനയെ വിന്യസിച്ചു. വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം രാവിലെ ഇസ്രയേലില്‍നിന്ന് സോഫിയയിലേക്ക് എത്താന്‍ നിശ്ചയിച്ചിരുന്ന ഏക സര്‍വീസ് ടെല്‍ അവീവില്‍നിന്നുള്ള എല്‍ അല്‍ വിമാനമായിരുന്നു.
വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള വിശാലമായ സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായാണ് വിമാനത്തിന് ലഭിച്ച ഭീഷണിയെന്ന് ബള്‍ഗേറിയന്‍ പൊതുമാധ്യമമായ ബിഎന്‍ടി റിപ്പോര്‍ട്ട് ചെയ്തു.
നാല് സംഭവങ്ങളിലും വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കിയെങ്കിലും ഭീഷണികളുടെ ഉറവിടവും വിശ്വാസ്യതയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
