ലാ പാസ്: ആറാഴ്ചയിലേറെയായി രാജ്യത്തെ സ്തംഭിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും നേരിടാന്‍ ബൊളീവിയയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ ക്ഷാമത്തിന് ഇടയാക്കിയ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് പാസ് 90 ദിവസത്തേക്കുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ ആഭ്യന്തര സുരക്ഷാ നടപടികളില്‍ സൈന്യത്തിന് നേരിട്ട് ഇടപെടാനുള്ള അധികാരം ലഭിക്കുകയും പൊതുപ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. നിയമം കര്‍ശനമായി നടപ്പാക്കുമെന്നും പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന്, ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്ന മേഖലകളിലൊന്നായ എല്‍ ആള്‍ട്ടോ നഗരത്തില്‍ സൈനികരും ആയുധധാരികളായ പൊലീസുകാരും ബുള്‍ഡോസറുകളും അടങ്ങുന്ന സംഘങ്ങള്‍ റോഡുകള്‍ തടഞ്ഞുകിടന്ന കല്ലുകളും മരത്തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനും ചികിത്സ ലഭിക്കാനും ആവശ്യ സാധനങ്ങള്‍ എത്തിക്കാനും സ്വന്തം വീടുകളിലേക്ക് ഭക്ഷണം എത്തിക്കാനും കഴിയാത്തവിധം ഉപരോധങ്ങള്‍ക്ക് ബന്ദികളായി തുടരാന്‍ ബൊളീവിയക്കാര്‍ക്ക് കഴിയില്ലെന്നും സാധാരണ ജീവിതം തകര്‍ക്കാനല്ല, അത് പുനഃസ്ഥാപിക്കാനാണ് അടിയന്തരാവസ്ഥയെന്നും പ്രസിഡന്റ് പാസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഏകദേശം 50 ദിവസത്തിലേറെയായി തുടരുന്ന പ്രതിസന്ധി ജീവിതം ദുസ്സഹമാക്കിയിരുന്നുവെന്നും ഇപ്പോഴത്തെ നടപടിയില്‍ സന്തോഷമുണ്ടെന്നും എല്‍ ആള്‍ട്ടോയിലെ വ്യാപാരിയായ കാര്‍ല ബുട്രോണ്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലൂടെ ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട സോഷ്യലിസ്റ്റ് ഭരണത്തിന് വിരാമമിട്ട പാസിന്റെ സര്‍ക്കാരിന് ഇതുവരെ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് നിലവിലെ പ്രതിഷേധം വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ഇന്ധനക്ഷാമവും രൂക്ഷമാക്കിയ നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം, പ്രതിഷേധം മൂലം രാജ്യത്തിന് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്നും അടിസ്ഥാന സേവനങ്ങള്‍ പോലും പ്രതിസന്ധിയിലായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്ന് സര്‍ക്കാരുമായി പ്രാഥമിക ധാരണയിലെത്തിയതിനെ തുടര്‍ന്ന് സമരം താത്ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും വിവിധ തദ്ദേശീയ സംഘടനകളും പ്രാദേശിക പ്രക്ഷോഭ കൂട്ടായ്മകളും പ്രതിഷേധം തുടരുകയാണ്.
നയങ്ങളില്‍ മാറ്റം മാത്രമല്ല, പ്രസിഡന്റ് പാസ് രാജിവെക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.
പ്രതിസന്ധിക്ക് പിന്നില്‍ മുന്‍ പ്രസിഡന്റ് ഇവോ മൊറാലസും അദ്ദേഹത്തിന്റെ അനുയായികളുമാണെന്ന് പ്രസിഡന്റ് പാസ് ആവര്‍ത്തിച്ച് ആരോപിച്ചു. അവരെ 'മയക്കുമരുന്ന് ഭീകരര്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കടത്തിയെന്ന ആരോപണം നേരിടുന്ന മൊറാലസ് ഒളിവില്‍ കഴിയുന്നുണ്ടെങ്കിലും ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
ആവശ്യമായ സമയത്ത് മൊറാലസിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന സൂചന ആഭ്യന്തരമന്ത്രി മാര്‍ക്കോ അന്റോണിയോ ഒവിയേഡോ നല്‍കി. നിയമത്തിന് മുന്നില്‍ അദ്ദേഹം ഹാജരാകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒളിവില്‍ കഴിയുന്ന മൊറാലസ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തള്ളി. അമേരിക്കയുമായി അമിതമായി അടുപ്പം പുലര്‍ത്തുന്ന സര്‍ക്കാരിനെതിരെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
