ധാക്ക: ദേശീയ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിനു പിന്നാലെ ബി എന്‍ പി പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചു.
പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് ധാക്കയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷെയ്ഖ് ഹസീനയുടെ നിയമാനുസൃത കൈമാറ്റത്തിനായി തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞു.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനുമിടയിലെ വിഷയമാണെന്നും വിചാരണ നേരിടാന്‍ അവരെ തിരികെ അയക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് തങ്ങള്‍ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടര്‍മാരില്ലാത്തതും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. അവാമി ലീഗില്ലാതെ നടന്ന തെരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കുകയും നിരസിക്കുകയും ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും അവര്‍ പറഞ്ഞു.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ധാക്കയില്‍ ഉള്‍പ്പെടെ വോട്ടര്‍ പട്ടികയിലെ പേരുകളുടെ എണ്ണം 'അസാധാരണമായി വര്‍ധിച്ചിരിക്കുന്നു, അത് സംശയാസ്പദവും വിശ്വസിക്കാനാവാത്തതുമാണ്' എന്നും ഹസീന ആരോപിച്ചു.
നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ രീതിയില്‍ അധികാരം പിടിച്ച യുനുസ് നടത്തിയ തെരഞ്ഞെടുപ്പ് സൂക്ഷ്മമായി ആസൂത്രണം ചെയ്ത നാടകമായിരുന്നുവെന്നും ജനങ്ങളുടെ വോട്ടവകാശം, ജനാധിപത്യ മൂല്യങ്ങള്‍, ഭരണഘടനയുടെ ആത്മാവ് എന്നിവ അവഗണിച്ച് അവാമി ലീഗില്ലാതെ, വോട്ടര്‍മാരില്ലാതെ ഒരു വഞ്ചനാപരമായ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
ഫെബ്രുവരി 11ന് വൈകുന്നേരം മുതല്‍ തന്നെ വോട്ടിംഗ് കേന്ദ്രങ്ങള്‍ പിടിച്ചടക്കല്‍, വെടിവെപ്പ്, പണം നല്‍കി വോട്ട് വാങ്ങല്‍, ബാലറ്റ് പേപ്പറുകളില്‍ മുദ്രകുത്തല്‍, ഫലപത്രങ്ങളില്‍ ഏജന്റുമാരുടെ ഒപ്പുകള്‍ ശേഖരിക്കല്‍ എന്നിവയിലൂടെ 'നാടകം' ആരംഭിച്ചുവെന്നും അവര്‍ ആരോപിച്ചു. ഫെബ്രുവരി 12 രാവിലെ മുതല്‍ രാജ്യത്തെ പല വോട്ടിംഗ് കേന്ദ്രങ്ങളിലും വോട്ടര്‍മാരുടെ സാന്നിധ്യം വളരെ കുറവായിരുന്നുവെന്നും തലസ്ഥാനത്തെയും മറ്റു ഭാഗങ്ങളിലെയും നിരവധി പോളിംഗ് സ്റ്റേഷനുകള്‍ പൂര്‍ണമായും ശൂന്യമായിരുന്നുവെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
