ഫ്‌ളോറിഡ: അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ 'ന്യൂ ഗ്ലെന്‍' റോക്കറ്റ് വിക്ഷേപണ തറയില്‍ പരീക്ഷണത്തിനിടെ വന്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രി അമേരിക്കന്‍ സമയം ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 36ലാണ് അപകടമുണ്ടായത്. റോക്കറ്റിന്റെ 'ഹോട്ട് ഫയര്‍ ടെസ്റ്റ്' നടത്തുന്നതിനിടെയാണ് അസാധാരണ സംഭവം ഉണ്ടായതെന്ന് കമ്പനി അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും ബ്ലൂ ഒറിജിന്‍ വ്യക്തമാക്കി.
ഹോട്ട് ഫയര്‍ പരീക്ഷണത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വന്‍ തീഗോളമായി റോക്കറ്റ് പൊട്ടിത്തെറിക്കുന്നതും ആകാശം ഓറഞ്ച് നിറത്തിലാകുന്നതും കാണാം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപ പ്രദേശങ്ങളിലെ വീടുകള്‍ വരെ കുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
പുകയോ മറ്റ് അപകടകാരികളായ വാതകങ്ങളോ മൂലം പൊതുജനങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അടിയന്തര സേവന വിഭാഗം അറിയിച്ചു.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ വ്യാഴാഴ്ച റോക്കറ്റില്‍ ഇന്ധനം നിറച്ച് എന്‍ജിന്‍ പരീക്ഷണം നടത്താനായിരുന്നു തയ്യാറെടുത്തിരുന്നത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് 48 ആമസോണ്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതിയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുമുമ്പ് ഏപ്രിലില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഒരു ഉപഗ്രഹത്തെ തെറ്റായ ഭ്രമണപഥത്തിലേക്ക് എത്തിച്ചതിനെ തുടര്‍ന്ന് ന്യൂ ഗ്ലെന്‍ റോക്കറ്റിന്റെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചന്ദ്രനിലേക്ക് നാസയുടെ ലാന്‍ഡറുകള്‍ എത്തിക്കുന്നതിനായി ഉപയോഗിക്കാനാണ് ബ്ലൂ ഒറിജിന്‍ ഈ റോക്കറ്റ് വികസിപ്പിച്ചിരിക്കുന്നത്.
2025ലാണ് ന്യൂ ഗ്ലെന്‍ ആദ്യമായി കേപ് കാനവെറലില്‍നിന്ന് വിക്ഷേപിച്ചത്. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ അമേരിക്കന്‍ ബഹിരാകാശ യാത്രികനായ ജോണ്‍ ഗ്ലെന്നിന്റെ സ്മരണയ്ക്കായാണ് റോക്കറ്റിന് 'ന്യൂ ഗ്ലെന്‍' എന്ന് പേര് നല്‍കിയിരിക്കുന്നത്.
